ജില്ലയിലെ ഹോട്ടൽ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കും

കണ്ണൂർ : ഹോട്ടലുകളിലെ ജൈവ- അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുവാൻ കണ്ണൂർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ ഹോട്ടൽ മാനേജ്‌മെന്റ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്ത് യോഗം ചേർന്നു.
കണ്ണൂർ ജില്ലയെ മാതൃകാ ശുചിത്വ ജില്ലയായി മാറ്റുന്നതിന്റെ ഭാഗമായാണ് യോഗം. ഹോട്ടലുകൾ ജില്ലാ ഭരണകൂടവുമായി പൂർണമായി സഹകരിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവയുടെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലാ തല ഗ്രേഡിംഗ് ഏർപ്പാടാക്കാനുള്ള നിർദേശവും യോഗത്തിൽ ചർച്ച ചെയ്തു.
ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് അസി. എൻജിനീയർ കെ വി ഷെൽമജ, ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ജില്ലാ റിസോഴ്‌സ് പേഴ്‌സൺ വി കെ അബിജാത്, കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.