വാട്ടർടാങ്കിൽ ചത്ത എലിയും പുഴുക്കളും; വാട്ടർ പ്യൂരിഫയറിൽ ചത്ത പല്ലി; അങ്കണവാടിയിൽ ആരോഗ്യവകുപ്പ് പരിശോധന


വാട്ടർടാങ്കിൽ ചത്ത എലിയും പുഴുക്കളും; വാട്ടർ പ്യൂരിഫയറിൽ ചത്ത പല്ലി; അങ്കണവാടിയിൽ ആരോഗ്യവകുപ്പ് പരിശോധന




തൃശ്ശൂർ: അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയേയും പുഴുക്കളേയും കണ്ടെത്തി. ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം 28-ാംനമ്പര്‍ അംഗന്‍വാടിയിലെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് ചത്ത എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ നിന്നുള്ള വെള്ളമാണ് കുട്ടികൾക്ക് നൽകിയിരുന്നത്.

കുട്ടികൾക്ക് അസുഖം വിട്ടുമാറാത്തതിനെ തുടർന്ന് അങ്കണവാടിയിലെത്തിയ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് മലിനമായ വെള്ളമാണ് കുട്ടികൾക്ക് നൽകിയതെന്ന് കണ്ടെത്തിയത്. രക്ഷിതാക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ അങ്കണവാടിയിലെത്തി പരിശോധന നടത്തി.


ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അങ്കണവാടിയുടെ അടുക്കളയിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫെയറിൽ നിന്ന് ചത്ത പല്ലിയേയും കണ്ടെത്തി. തുടർന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അങ്കണവാടി അടച്ചിടാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.