
photo-ANI
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ മേഖലയിലെ സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ചയും നൂറുകണക്കിന് പേര്‍ തുറമുഖ കവാടത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. വൈദികരുടെ നേതൃത്വത്തിലാണ് തുറമുഖ കവാടത്തിലേക്ക് സ്ത്രീകളടക്കമുളളവര്‍ പ്രതിഷേധവുമായെത്തിയത്.
നേരത്തെ പ്രതിഷേധക്കാര്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചിട്ടിരുന്നു. തുറമുഖ കവാടത്തിനരികിലേക്ക് കയറ്റിവിടണമെന്നും സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ന്ന് പോലീസ് സമരക്കാരുടെ ആവശ്യം അംഗീകരിച്ചു. ഇതോടെ പ്രതിഷേധക്കാര്‍ കവാടത്തിന് മുന്നിലേക്ക് പ്രകടനവുമായെത്തുകയും കവാടത്തിന് മുന്നില്‍ സ്ഥാപിച്ച പുലിമുട്ടിന് മുകളില്‍ കയറി പതാക നാട്ടുകയും ചെയ്തു. പിന്നാലെ പ്രതിഷേധക്കാര്‍ കവാടത്തില്‍നിന്ന് സമാധാനപരമായി പിരിഞ്ഞുപോയി.
അതേസമയം മത്സ്യത്തൊഴിലാളികള്‍ക്കുളള പുനരധിവാസം പാക്കേജ് നടപ്പാക്കിയില്ലെങ്കില്‍ സമരം ഇനിയും ശക്തമാക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. മന്ത്രിമാര്‍ കളളം പറയുകയാണെന്നും ചര്‍ച്ചയ്ക്കായി തങ്ങളെ ആരും വിളിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിഴിഞ്ഞം തുറമുഖത്ത് ഒരു കപ്പലും അടുപ്പിക്കാന്‍ അനുവദിക്കില്ലെന്നും കടലില്‍ വരെ ഉപരോധം തീര്‍ക്കുമെന്നും സമരക്കാര്‍ പറഞ്ഞു.