സവര്‍ക്കര്‍ വിവാദം; കര്‍ണാടകയില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ, കര്‍ഫ്യൂ ഏര്‍പ്പെടുത്തി പോലീസ്

സവര്‍ക്കര്‍ വിവാദം; കര്‍ണാടകയില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ, കര്‍ഫ്യൂ ഏര്‍പ്പെടുത്തി പോലീസ്


ബെംഗളൂരു: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കര്‍ണടാകയില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ. സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി നല്‍കിയ ഭീരുവാണ് സവര്‍ക്കര്‍ എന്ന് ഒരു വിഭാഗം പറയുന്നു. അതല്ല, സവര്‍ക്കര്‍ ധീര ദേശാഭിമാനിയാണെന്ന് മറുഭാഗവും വാദിക്കുന്നു. ഇതിനിടെയാണ് ശിവമോഗയിലെ അമീര്‍ അഹമ്മദ് സര്‍ക്കിളില്‍ സവര്‍ക്കറുടെ പോസ്റ്റര്‍ സ്ഥാപിച്ചത്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കൊപ്പം സവര്‍ക്കറുടെ ഫോട്ടോ വച്ചത് ഒരുകൂട്ടം മുസ്ലിം യുവാക്കള്‍ ചോദ്യം ചെയ്യുകയായിരുന്നുവത്രെ...

(പ്രതീകാത്മക ചിത്രം)

സവര്‍ക്കറുടെ ഫോട്ടോ എടുത്തുമാറ്റിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നു. ഇതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ശിവമോഗ ജില്ലയുടെ ചില ഭാഗങ്ങളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സവര്‍ക്കറുടെ ഫ്‌ളക്‌സ് നീക്കം ചെയ്യാനുള്ള ശ്രമത്തെ തടയുമെന്ന് ഹിന്ദുത്വ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

കെടി ജലീലിന് എന്തുപറ്റി; എംഎല്‍എ പദവി തെറിക്കുമോ? പ്രതിപക്ഷം സ്പീക്കറെ സമീപിച്ചാല്‍...

സമാനമായ സംഭവം മംഗളൂരുവിലെ സൂറത്ത്കല്ലിലും റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ഒരു തെരുവിന് സവര്‍ക്കറുടെ പേരിടാനുള്ള നീക്കം എസ്ഡിപിഐ എതിര്‍ക്കുകയായിരുന്നു. മംഗളൂരു നോര്‍ത്ത് ബിജെപി എംഎല്‍എ വൈ ഭാരത് ഷെട്ടി, തെരുവിന് സവര്‍ക്കറുടെ പേരിടണമെന്ന് നിര്‍ദേശം വച്ചിരുന്നു. ഇക്കാര്യം മംഗളൂരു സിറ്റി കോര്‍പറേഷന്‍ അംഗീകരിക്കുകയും ചെയ്തു. ഇനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കാനുണ്ട്...

ഇതിനിടെയാണ് റോഡില്‍ സവര്‍ക്കറിന്റെ പേര് വച്ച് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ എസ്ഡിപിഐ രംഗത്തുവന്നു. സൂറത്ത്കല്‍ ഇടയ്ക്കിടെ പ്രശ്‌നങ്ങളുണ്ടാകുന്ന പ്രദേശമാണ്. ഇവിടെ അനാവശ്യ വിവാദം സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമം. ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. സര്‍ക്കിളിന് സവര്‍ക്കറുടെ പേരിടുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും എസ്ഡിപിഐ അറിയിച്ചു.

മംഗളൂരുവില്‍ അടുത്തിടെ മൂന്ന് കൊലപാതകങ്ങള്‍ നടന്നിരുന്നു. മലയാളിയായ യുവാവ് ബന്ധുവിന്റെ വീട്ടിലെത്തിയ വേളയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണ് ആദ്യ സംഭവം. തൊട്ടുപിന്നാലെ യുവമോര്‍ച്ച ജില്ലാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ ചിലര്‍ വെട്ടിക്കൊന്നു. പിന്നീട് സൂറത്ത്കല്ലില്‍ മുസ്ലിം യുവാവിനെ കടയില്‍ മുന്നില്‍ നില്‍ക്കവെ കാറിലെത്തിയവര്‍ കൊലപ്പെടുത്തി. ഈ സംഭവങ്ങളില്‍ പോലീസ് കേസെടുക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിനിടെയാണ് സവര്‍ക്കറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍.