സ്താനർബുദം കണ്ടെത്തൽ; മലബാർ ക്യാൻസർ സെന്റർ നിർമ്മിച്ച ഉപകരണത്തിന് യു.എസ് പേറ്റന്റ്

സ്താനർബുദം കണ്ടെത്തൽ; മലബാർ ക്യാൻസർ സെന്റർ നിർമ്മിച്ച ഉപകരണത്തിന് യു.എസ് പേറ്റന്റ്


തലശേരി: സ്തനാർബുദം നേരത്തെ കണ്ടെത്താൻ മലബാർ ക്യാൻസർ സെന്റർ സി-മെറ്റിന്റെ സഹായത്തോടെ വികസിപ്പിച്ച ഉപകരണത്തിന് യു എസ് പേറ്റന്റ് ലഭിച്ചു. മാമോഗ്രാഫി, അൾട്രാ സോണോഗ്രാഫി തുടങ്ങിയ സങ്കീർണവും ചെലവേറിയതുമായ പരിശോധനാ സംവിധാനങ്ങൾക്ക് പകരം ലളിതവും കൈയിൽ കൊണ്ടു നടക്കാവുന്നതുമായ ഉപകരണം നിർമ്മിക്കണം എന്ന ചിന്തയാണ് ഈ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. ഇന്ത്യൻ നഗര സ്ത്രീകളിൽ ഒന്നാമതും ഗ്രാമീണ സ്ത്രീകളിൽ രണ്ടാമതും സാധാരണയായി കാണുന്ന രോഗമാണ് സ്തനാർബുദം. രോഗനിർണയം നേരത്തെ നടത്താൻ ഇന്ത്യയിൽ സംഘടിതമായ പരിശോധനാ സംവിധാനമില്ല. അതിനാൽ വൈകി മാത്രമാണ് രോഗനിർണയവും ചികിത്സയും നടക്കുന്നത്. ഇത് അതിജീവന നിരക്ക് കുറക്കുകയും ചികിത്സാ ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമായാണ് മലബാർ ക്യാൻസർ സെന്ററിന്റെ പുതിയ കണ്ടുപിടുത്തം. ആരോഗ്യ പ്രവർത്തകർക്ക് വീടുകളിലെത്തി രോഗനിർണയം നടത്താനും ഗ്രാമപ്രദേശങ്ങളിൽ സമൂഹ സ്തനാർബുദ പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കാനും പുതിയ ഉപകരണത്തിന്റെ സഹായത്തോടെ കഴിയുമെന്നാണ് പ്രതീക്ഷ. 2022 ജൂലൈ അഞ്ചിനാണ് കണ്ടുപിടുത്തത്തിന് യു എസ് പേറ്റന്റ് ലഭിച്ചതെന്ന് മലബാർ ക്യാൻസർ സെന്റർ അറിയിച്ചു.