
മാഹി: സ്വതന്ത്ര്യ ഇന്ത്യ ആഘോഷിച്ച സ്വാതന്ത്ര്യ സമര ചരിതങ്ങളിൽ മയ്യഴിയെന്ന മാഹിക്ക് പറയാനുള്ളത് വേറിട്ടൊരു കഥയാണ്. അടുത്ത കാലം വരെ മാഹിയിൽ സ്വാതന്ത്ര്യ ദിനമായി ആചരിച്ചിരുന്നത് ആഗസ്റ്റ് 16 ആയിരുന്നു എന്ന കൗതുകവുമുണ്ട്, സ്വാതന്ത്ര്യ സമര കാലത്ത് മാഹി ജനത ഫ്രഞ്ച് കൊളോണിയലിസത്തോട് രാഷ്ട്രീയപരമായ വിയോജിപ്പ് പുലർത്തുമ്പോഴും ഫ്രഞ്ച് ഭാഷയോടും സംസ്കാരത്തോടും വ്യക്തികളോടും വലിയ ആഭിമുഖ്യമുണ്ടായിരുന്നു.
1947 ആഗസ്റ്റ് 14 ന് അർധരാത്രി ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ പുലരിയിലേക്ക് കൺതുറക്കുമ്പോൾ വെറും 9 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള മയ്യഴി ഫ്രഞ്ച് അധീനതയിലായിരുന്നു. ഫ്രാൻസിനെ ആരാധിച്ച് പോയ മയ്യഴിക്കാരുടെ നിസ്സഹായതയെ ലോകത്തെല്ലായിടത്തും കൊളോണിയൽ ഭരണങ്ങൾക്ക് എതിരായുണ്ടായ ഉയിർത്തെഴുന്നേൽപ്പ് സ്വാധീനിച്ചു. ഹിതപരിശോധനക്കെതിരെ ഫ്രഞ്ച് അനുകൂലികൾ നിലപാടെടുത്തപ്പോൾ 1948 ൽ കെ കേളപ്പന്‍റേയും ഐ കെ കുമാരൻ മാസ്റ്ററുടെയും നേതൃത്വത്തിൽ മയ്യഴി വിമോചന സമരം തുടങ്ങി.
ഫ്രഞ്ച് അധീന പ്രദേശങ്ങളായ പോണ്ടിച്ചേരിയും കാരിക്കലും യാനവും ജനഹിത പരിശോധനയിൽ ഒപ്പം നിന്നപ്പോൾ 1954 വെരെ ഫ്രഞ്ച് പട്ടാളം ഇന്ത്യയിൽ തുടർന്നു. 1954 ജൂലായ് 16നാണ് മയ്യഴിയടക്കമുള്ള പ്രഞ്ച് അധീന പ്രദേശങ്ങൾ മോചിപ്പിക്കപ്പെടുന്നത്. ജെസ്യൂട്ട് ട്രാൻസ്ഫർ എന്ന ഔദ്യോഗിക അധികാര കൈമാറ്റം നടന്ന ആഗസ്റ്റ് 16 മയ്യഴി അടുത്ത കാലം വരെ സ്വാതന്ത്ര്യ ദിനമായി കൊണ്ടാടി. പിന്നീട് മാഹിയുൾപ്പെടുന്ന പോണ്ടിച്ചേരി ഗവൺമെന്‍റ് നവംബർ ഒന്ന് ഏകീകൃത സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മൂപ്പൻ കുന്നിൽ ഫ്രഞ്ച് പതാകയ്ക്ക് പകരം ഇന്ത്യൻ പതാകയുയർന്നിട്ട് 6 പതിറ്റാണ്ടായെങ്കിലും മയ്യഴിക്കാർക്കിപ്പോഴും ഫ്രഞ്ച് കൊളോണിയൽ കാലത്തോട് വിദ്വേഷമില്ല.