കോടിയേരിയെ ആശുപത്രിയിൽ സന്ദർശിച്ച് കുഞ്ഞാലിക്കുട്ടിയും, സാദിഖലി തങ്ങളും

കോടിയേരിയെ ആശുപത്രിയിൽ സന്ദർശിച്ച് കുഞ്ഞാലിക്കുട്ടിയും, സാദിഖലി തങ്ങളും


മുസ്‌ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപ്പോളോ ആശുപത്രിയിൽ സന്ദർശിച്ചു. ശനിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ മുസ്‌ലിം ലീഗ് നേതാക്കൾ കോടിയേരിയുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ഓഗസ്റ്റ് 29നാണ് ചെന്നൈയിലേക്ക് മാറ്റിയത്. എയർ ആംബുലൻസ് മാർഗമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. ചെന്നൈയിലേക്ക് പോകുന്നതിന് മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയ നേതാക്കള്‍ ചിന്ത ഫ്‌ളാറ്റിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി.

കഴുത്തിൽ കടിക്കാനായിരുന്നു ശ്രമം, കയ്യിൽ കടിച്ച് കുടഞ്ഞു... പുലിയെ കൊന്ന ഗോപാലന് പറയാനുള്ളത്

കഴിഞ്ഞ ദിവസം നിയുക്ത മന്ത്രി എംബി രാജേഷും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. ബന്ധുക്കളും അപ്പോളോ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോടിയേരിക്ക് ഒപ്പമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞത്.

എംവി ഗോവിന്ദനാണ് പകരം ചുമതല നല്‍കിയത്. അര്‍ബുദത്തെ തുടര്‍ന്ന് കോടിയേരി നേരത്തെയും അവധിയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സക്ക് ശേഷമാണ് കോടിയേരി വീണ്ടും പദവിയേറ്റെടുത്തത്. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോളോ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സക്കായാണ് യാത്ര. ചിലപ്പോൾ സമയം നീണ്ടേക്കും.