
ഭാരത് ജോഡോയാത്രയില്‍ സവര്‍ക്കറുടെ ചിത്രം വച്ച സംഭവത്തില്‍ ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം നെടുമ്പാശേരി അത്താണിയിലാണ് ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബോര്‍ഡില്‍ സവര്‍ക്കറുട ചിത്രവും സ്ഥാനം പിടിച്ചത്.
തെറ്റു മനസിലായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് മറച്ചെങ്കിലും, സംഭവം അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. പ്രചാരണ ബോര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത പാര്‍ട്ടി അനുഭാവിയ്ക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയില്‍പെട്ടപ്പോള്‍ ഉടന്‍ തിരുത്തിയെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചു.
സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസിന്റെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം നല്‍കി. ഫ്‌ലക്‌സ് സ്ഥാപിച്ചത് ഒരു പ്രാദേശിക പ്രവര്‍ത്തകനാണത്രെ. ഇയാള്‍ ഫ്‌ലക്‌സ് പ്രിന്റിങ്ങിനായി ഒരു കടക്കാരനെ ഏല്‍പ്പിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ സംഭവിച്ച പിഴവാണ് അതെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ അത് നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.