ഇരിട്ടി: സന്ദര്‍ശകർക്ക് കണ്ണിനും മനസ്സിനും ഉത്സവമൊരുക്കി ഒരുങ്ങു നിൽക്കുകയാണ് ഇരിട്ടി ഇക്കോ പാര്‍ക്ക്. ഇരിട്ടി - തളിപ്പറമ്പ് റോഡിൽ പെരുമ്പറമ്പില്‍ പായം പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ ഒരുക്കിയ ഇക്കോ പാര്‍ക്കാണ് ഇവിടെ എത്തുന്ന സന്ദർശകർക്കായി കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കി കാത്തുനിൽക്കുന്നത്.
ഇരിട്ടി പാലത്തിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ മാത്രം അകലെ പഴശ്ശി പദ്ധതിയുടെ ജലാശയം കൂടിയായ ഇരിട്ടി പുഴക്കരയിൽ പത്തേക്കറോളം വരുന്ന സ്ഥലത്താണ് പാർക്ക് സ്ഥിതിചെയ്യുന്നത്. രണ്ടു പതിറ്റാണ്ട് മുൻപ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ കീഴിൽ ഇതേ സ്ഥലത്ത് മഹാത്മാഗാന്ധി പാർക്ക് എന്ന പേരിൽ ഒരു വിനോദ കേന്ദ്രം നിർമ്മിച്ചിരുന്നു. എന്നാൽ പരിചരണമില്ലാതെ സാമൂഹ്യ ദ്രോഹികളുടെ കടന്നു കയറ്റം ഈ പാർക്കിനെ തകർത്തു.
കഴിഞ്ഞ ഏപ്രിൽ 23 ന് പുതുതായി നിർമ്മിച്ച ഇക്കോ പാർക്ക് മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശകർക്ക് തുറന്നുകൊടുത്തു. എന്നാൽ തുടർന്ന് മഴക്കാലം എത്തിയതോടെ ഇതിന്റെ പ്രവർത്തനം മന്ദീഭവിക്കുകയും സന്ദർശകർ കുറയുകയും ചെയ്തു. ഈ ഓണക്കാലത്ത് കൂടുതൽ സന്ദർശകരെ ഇവിടെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഉല്ലാസത്തിനുള്ള നിരവധി പ്രവർത്തികൾ പാർക്കിൽ അധികൃതർ ഒരുക്കിക്കഴിഞ്ഞു. ആനയും, മയിലും, താറാവും, അരയന്നവു മുൾപ്പെടെയുള്ളവയുടെ ശില്പങ്ങളും , ഊഞ്ഞാലും, ഏറുമാടവും, ഇരിപ്പിടവുമൊക്കെ ഇതിൽപ്പെടുന്നു. കുട്ടികൾക്കുള്ള കളിസ്ഥലവും ഉദ്യാനവും , ശൗചാലയവും വിവിധ പരിപാടികൾ സംഘടിപ്പിക്കുവാൻ കഴിയുന്ന തരത്തിലുള്ള സ്റ്റേജ് സൗകര്യങ്ങളുമടക്കം പാർക്കിൽ ഒരുക്കിക്കഴിഞ്ഞതായി ഇരിട്ടി ഇക്കോ സൊസൈറ്റി പ്രസിഡന്റ് ശുശീൽ ബാബു, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി എന്നിവർ പറഞ്ഞു. ഏത് വേനലിലും തണൽ മരങ്ങൾ പച്ചവിരിച്ച് നിൽക്കുന്ന മനോഹരമായ പുഴയോരം അതിരിട്ടു നിൽക്കുന്ന ഇരിട്ടി ഇക്കോ പാർക്ക് കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആകർഷിക്കുന്ന തരത്തിൽ ഇരിട്ടിയുടെ പ്രധാന വിനോദ വിശ്രമ കേന്ദ്രമാക്കി മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഇവർ.