ക്ഷാമബത്ത നാല് ശതമാനം ഉയരും; ആഹ്ളാദ തിമിർപ്പിൽ കേന്ദ്ര ജീവനക്കാർ

ക്ഷാമബത്ത നാല് ശതമാനം ഉയരും; ആഹ്ളാദ തിമിർപ്പിൽ കേന്ദ്ര ജീവനക്കാർ


ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ) ഉയർത്തും. അടിസ്ഥാന ശമ്പളത്തിന്റെ 31 ശതമാനമായിരുന്ന ഡി എ  38 ശതമാനമായി വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശത്തിന് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്ര മന്ത്രി സഭാ യോഗത്തിൽ വിലക്കയറ്റം നികത്താൻ അധിക ഗഡു ഡിഎ അനുവദിക്കാനുള്ള നിർദേശം അംഗീകരിച്ചു.

2022 ജൂലൈ ഒന്ന് മുതൽ ആണ് പുതിയ ഡി എ പ്രാബല്യത്തിൽ വരിക. അതിനാൽ തന്നെ ജൂലൈ മുതൽ ലഭിക്കാനുള്ള ഡിഎയുടെ കുടിശ്ശികയും ജീവനക്കാർക്ക് ലഭിക്കും. ഏകദേശം 47.68 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.62 ലക്ഷം വരുന്ന  പെൻഷൻകാർക്കും ഈ നിരക്ക് ബാധകമായിരിക്കും. 

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധിപ്പിക്കുന്നതിലൂടെ പ്രതിവർഷം 6,591.36 കോടി രൂപ സർക്കാരിന് ചെലവ് വരും. പെൻഷൻകാർക്കുള്ള ക്ഷാമബത്ത നല്കാൻ 6,261.20 കോടി രൂപ ചെലവാകും. 

എല്ലാ വർഷവും ജനുവരി 1, ജൂലൈ 1 തീയതികളിൽ കേന്ദ്ര സർക്കാർ ക്ഷാമബത്ത പരിഷ്കരിക്കാറുണ്ട്. എന്നാൽ ഇതിന്റെ അംഗീകാരം മാർച്ച്, സെപ്തംബർ മാസങ്ങളിലാണ് പ്രഖ്യാപിക്കാറുള്ളത്.