ഇസ്രായേലില്‍ ചിട്ടി തട്ടിപ്പ് : മലയാളി ദമ്പതികള്‍ക്കെതിരെ കേസ് എടുത്തു

ഇസ്രായേലില്‍ ചിട്ടി തട്ടിപ്പ് : മലയാളി ദമ്പതികള്‍ക്കെതിരെ കേസ് എടുത്തു


പരിയാരം : ഇസ്രായേലില്‍ ചിട്ടി തട്ടിപ്പ് നടത്തി മുങ്ങിയ തൃശ്ശൂരിലെ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിയാരം സ്വദേശികളായ ലിജോ ജോർജ്, ഭാര്യ ഷൈനി എന്നിവർക്കെതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തത്. ഒളിവിലുള്ള ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.

ഇസ്രായേലില്‍ ജോലി ചെയ്തിരുന്ന ലിജോ ജോര്‍ജും ഷൈനിയും പെര്‍ഫെക്ട് കുറീസ് എന്ന പേരിലാണ് ചിട്ടി നടത്തി കോടികൾ തട്ടിയത്. ആദ്യം ചിട്ടിയില്‍ നിക്ഷേപം നടത്തിയവര്‍ക്കെല്ലാം തുക തിരികെ നല്‍കി വിശ്വാസം ആര്‍ജിച്ചു. വിശ്വാസം നേടികഴിഞ്ഞാൽ കൊടുത്ത തുക ഇവരുടെ സ്ഥാപനത്തില്‍ തന്നെ നിക്ഷേപമായി സ്വീകരിക്കും. 

പലരും ബാങ്ക് അക്കൗണ്ട് വഴിയും പണം നല്‍കി. ചിട്ടി ലഭിക്കുന്നവരുടെ അക്കൗണ്ടിലേയ്ക്കു പണം നല്‍കാന്‍ ലിജോ നല്‍കിയ നിര്‍ദേശ പ്രകാരം ചിലര്‍ ചിട്ടി ലഭിച്ചവരുടെ അക്കൗണ്ടിലേയ്ക്കും പണം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ഇസ്രായേല്‍ കറന്‍സിയായാണ് തുക സ്വീകരിച്ചത്.

ചിട്ടിത്തുക തിരികെ ചോദിച്ചു തുടങ്ങിയതോടെ ആദ്യം ഒഴിവു കഴിവുകള്‍ പറഞ്ഞ ദമ്പതികള്‍ പിന്നീടു മുങ്ങുകയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലുള്ള 300ലധികം പേര്‍ ചട്ടി തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നാണ് വിവരം. ഒന്നര കോടിയോളം രൂപ നഷ്ടപ്പെട്ട വ്യക്തികളും ഉണ്ട്. 

തട്ടിപ്പിനിരയായവര്‍ ഇസ്രായേല്‍ സര്‍ക്കാരിനും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും വിവിധ ജില്ലാ പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കി. അടുത്തയിടെ ലിജോയും ഭാര്യയും കേരളത്തില്‍ എത്തിയിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. ഇവര്‍ എവിടെയാണെന്നു കണ്ടു പിടിക്കാനായിട്ടില്ല.

ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നു പൊലീസ് അറിയിച്ചിടുണ്ട്. ബ്ലൂ കോര്‍ണര്‍ നോട്ടീസ്
ഇറക്കാനും ആലോചനയുണ്ട്. പരിയാരത്തെ ഇവരുടെ വീട് പൂട്ടിക്കിടക്കുന്ന നിലയിലാണ്. ദമ്പതികള്‍ യൂറോപ്പിലേയ്ക്കോ ബെംഗളൂരുവിലേയ്ക്കോ കടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവരില്‍ പലരും നാട്ടിലേയ്ക്കു മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. 

തട്ടിപ്പിനിരയാവരുടെ നാട്ടിലുള്ള ബന്ധുക്കളായ 50ഓളം പേര്‍ ഇന്നലെ ഡിവൈഎസ്പി ഓഫിസിലെത്തി പരാതി കൈമാറി. ദമ്പതികള്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി അറിയിച്ചു.