ഗുലാം നബി ആസാദിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടായേക്കും; ആദ്യപൊതുറാലിയും ഇന്ന്

ഗുലാം നബി ആസാദിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടായേക്കും; ആദ്യപൊതുറാലിയും ഇന്ന്


കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദിന്റെ പുതിയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം ഇന്ന്. പാര്‍ട്ടി വിട്ട ശേഷം ഗുലാം നബി ആസാദിന്റെ ആദ്യ പൊതു റാലിയും ഇന്ന് നടക്കും. ജമ്മു വിലെ സൈനിക് കോളനിയില്‍ രാവിലെ 11 ന് നടക്കുന്ന റാലിയില്‍ 20000 ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിലക്കയറ്റത്തിനെതിരെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് റാലി പ്രഖ്യാപിച്ച അതേ ദിവസവും സമയവുമാണ് ഗുലാം നബി ആസാദ് തന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്തത്. ജമ്മുവിലെ സൈനിക് കോളനിയില്‍ വച്ചു നടക്കുന്ന പൊതു റാലിയില്‍ ഗുലാം നബി ആസാദ് തന്റെ പുതിയ പാര്‍ട്ടി രൂപീകരിക്കും.

അഞ്ച് പതിറ്റാണ്ടു നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച ശേഷം ജമ്മു വിമാനത്താവളത്തില്‍ വന്നു ഇറങ്ങുന്ന ഗുലാം നബി ആസാദിന് വന്‍ സ്വീകരണം നല്‍കി ഘോഷ യാത്രയായാകും വേദിയിലേക്ക് ആനയിക്കുകയെന്ന് ആസാദിനൊപ്പം പാര്‍ട്ടി വിട്ട മുന്‍ മന്ത്രി ജിഎം സരൂരി അറിയിച്ചു.


ഇരുപതിനായിരം പേര്‍ക്ക് ഉള്ള ഇരിപ്പിടങ്ങളാണ് സൈനിക് കോളനിയില്‍ ഒരുക്കിയിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 3000 പേരെ റാലിക്കായി പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട മുഴുവന്‍ പേരും റാലിയില്‍ പങ്കെടുക്കും.


അടുത്ത മൂന്നു ദിവസങ്ങള്‍ ആസാസ് ജമ്മുവില്‍ തന്നെ തുടരും. സെപ്റ്റംബര്‍ 8 മുതല്‍ 12 വരെ സ്വന്തം മണ്ഡലമായ ഭന്തേര്‍വയിലടക്കം 4 ഇടങ്ങളില്‍ ഗുലാം നബി ആസാദ് പൊതു യോഗങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം.