കെ.ടി ജലീലിനെതിരെ കേസെടുക്കണമെങ്കില്‍ കോടതി ഉത്തരവിടണമെന്ന് ഡല്‍ഹി പോലീസ്

കെ.ടി ജലീലിനെതിരെ കേസെടുക്കണമെങ്കില്‍ കോടതി ഉത്തരവിടണമെന്ന് ഡല്‍ഹി പോലീസ്



ന്യൂഡല്‍ഹി: വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ കോടതിയെ നിലപാട് അറിയിച്ച് ഡല്‍ഹി പോലീസ്. കെ.ടി ജലീലിനെതിരെ കേസെടുക്കണമെങ്കില്‍ കോടതി ഉത്തരവിടണമെന്നാണ് പോലീസ് അറിയിച്ചത്. കേസില്‍ അടുത്ത തിങ്കളാഴ്ച റോസ് അവന്യു കോടതി വാദം കേള്‍ക്കും.

കെ.ടി ജലീലിനെതിരെ നിലവില്‍ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവു പ്രകാരം കീഴ്‌വായ്പുര്‍ പോലീസ് ഒരു എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. ആ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ എന്തിനാണ് ഡല്‍ഹിയില്‍ പുതിയ കേസ് എടുക്കുന്നത് എന്നാണ് ഡല്‍ഹി പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചോദിച്ചിരിക്കുന്നത്. എന്നാല്‍ കോടതി നിര്‍ദേശിച്ചാല്‍ കേസെടുക്കുന്നതില്‍ വിമുഖത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. റോസ് അവന്യു കോടതിയില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മേല്‍ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകനായ പരാതിക്കാരന്‍ അറിയിച്ചു.

കശ്മീര്‍ സന്ദര്‍ശനത്തിനിടെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പാക്ക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും കശ്മീര്‍ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേര്‍ത്ത് ഇന്തയന്‍ അധീന കശ്മീര്‍ എന്നുമായിരുന്നു ജലീല്‍ എഴുതിയത്. വലിയ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ജലീല്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. കീഴ്‌വായ്പൂര്‍ പോലീസ് ജലീലിനെതിരെ കേസും എടുത്തിരുന്നു.