ശബരിമല ഡ്യൂട്ടി: പൊലിസുകാര്‍ക്ക് സൗജന്യ മെസ് സൗകര്യമില്ല,പ്രതിദിനം 100 രൂപ വീതം ഈടാക്കാന്‍ ഉത്തരവ്

ശബരിമല ഡ്യൂട്ടി: പൊലിസുകാര്‍ക്ക് സൗജന്യ മെസ് സൗകര്യമില്ല,പ്രതിദിനം 100 രൂപ വീതം ഈടാക്കാന്‍ ഉത്തരവ്


തിരുവനന്തപുരം: മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമല ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം പിൻവലിച്ചു.വസം 100 രൂപ പൊലീസുകാരിൽ നിന്നും ഈടാക്കാനാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്.പ്രതിഷേധവുമായി പൊലീസ് സംഘടനകൾ രംഗത്തെത്തി..മെസിനുള്ള പണം സർക്കാർ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. 

അതിനിടെ എറണാകുളം ഞാറക്കലിൽ  സ്വർണാഭരണങ്ങൾ മോഷ്ട്ടിച്ച കേസിലെ പ്രതിയായ  പൊലീസുകാരനെ സര്‍വീസില്‍  നിന്ന് സസ്പെൻഡ് ചെയ്തു.കൊച്ചി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അമൽദേവിനെയാണ് എറണാകുളം ഡിസിപി   സസ്പെൻഡ് ചെയ്തത്.സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് എട്ട് പവൻ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ അമൽദേവ്   ഇപ്പോള്‍ റിമാന്‍റിലാണ്.ഇയാള്‍ക്കെതിരെ നേരത്തയും അച്ചടക്ക നടപടി ഉണ്ടായിരുന്നു.

ശബരിമല സീസണിൽ കുമളി ടൗണിൽ പാർക്കിംഗിന് സ്ഥലം അനുവദിക്കാതെ വനംവകുപ്പ്

ശബരിമല സീസണിൽ കുമളി ടൗണിനടുത്തുള്ള വനംവകുപ്പിൻറെ ആനവച്ചാൽ  ഗ്രൗണ്ട് വാഹനങ്ങളുടെ പാർക്കിംഗിന് നൽകണമെന്ന വനംമന്ത്രിയുടെ നിർദ്ദേശത്തിന് പുല്ലുവില കൽപ്പിച്ച് വനംവകുപ്പ്. സീസൺ സമയത്തെ കുമളി ടൗണിലെ പാ‍ർക്കിംഗ് പ്രശ്നം പരിഹരിക്കാനാണ് ഗ്രൗണ്ട് ഉപയോഗിക്കാൻ അനുമതി നൽകാൻ വനംമന്ത്രി നിർദ്ദേശിച്ചത്

മണ്ഡല മകര വിളക്ക് കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും ദിവസേന നൂറുകണക്കിനു വാഹനങ്ങളാണ് കുമളിയിലെത്തുന്നത്. പഞ്ചായത്തിന് പാർക്കിംഗ് ഗ്രൗണ്ട് ഇല്ലാത്തതിനാൽ ദേശീയപാതയോരത്താണ് ഈ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത് ഒഴിവാക്കാനാണ് ആനവച്ചാലിൽ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ പാ‍ർക്കു ചെയ്യുന്ന സ്ഥലത്തിൽ ഒരു ഭാഗം അനുവദിക്കണമെന്ന് പഞ്ചായത്ത് വനംമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ മന്ത്രി അനുകൂലമായി പ്രതികരിച്ചെങ്കിലും  കേസുള്ളതിനാൽ പാർക്കിംഗ് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് വനം വകുപ്പ് ഇപ്പോഴും. 

 സീസണിന് മുന്നോടിയായി വിവിധ ക്രമീകരണങ്ങൾ കുമളി മുതൽ ചോറ്റുപാറ വരെ ഏർപ്പെടുത്താൻ സംയുക്ത യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്.  വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റും തുറക്കും. വഴിവിളക്കുകൾ, വിരിപ്പന്തൽ, മെഡിക്കൽ ക്യാമ്പ്, ശുചി മുറി, ടൗണിൽ ട്രാഫിക്ക് നിയന്ത്രണം എന്നിവ നടപ്പാക്കും.  റോഡരികിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മോട്ടർ വാഹന വകുപ്പ് ഏറ്റെടുക്കും. മുൻ വർഷങ്ങളിൽ ചോറ്റുപാറയിൽ പോലീസ് സ്ഥാപിച്ച വെർച്ചൽ ക്യൂ സംവിധാനം ഇത്തവണയും തുടരാൻ തീരുമാനിച്ചിട്ടുണ്ട്