ഗവർണറുടെ 11.30 അന്ത്യശാസനം 9 വി.സിമാരും തള്ളി; ആരും രാജിവെച്ചില്ല

ഗവർണറുടെ 11.30 അന്ത്യശാസനം 9 വി.സിമാരും തള്ളി; ആരും രാജിവെച്ചില്ല


തിരുവനന്തപുരം: ഇന്ന് 11.30ന് ഉള്ളിൽ രാജിവെക്കണമെന്ന ഗവർണറുടെ ആവശ്യം സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരും തള്ളി. 11.30 കഴിഞ്ഞിട്ടും ആരും രാജിവെച്ചില്ല. ഇതോടെ രാജ്ഭവന്‍റെ അടുത്ത നീക്കം എന്താണെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ഏവരും. പതിനൊന്നരയ്ക്ക് മുമ്പ് രാജി നൽകാത്ത വിസിമാരെ പുറത്താക്കി താൽക്കാലിക വിസിമാരെ നിശ്ചയിച്ച് ഉടൻ വിജ്ഞാപനം ഇറക്കാൻ ആണ് രാജ്ഭവന്റെ നീക്കം. പുതിയ വിസിമാർ ചുമതല ഏറ്റെടുക്കാൻ വരുമ്പോൾ ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ പൊലീസ് സംരക്ഷണവും രാജ്ഭവൻ തേടി. എന്നാൽ വിസിമാർ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. പാലക്കാട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

അതേസമയം ഗവർണറുടെ അന്ത്യശാസനം ചോദ്യം ചെയ്ത് സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാർ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് അവധി ദിവസമായതിനാൽ വൈകിട്ട് നാല് മണിക്ക് പ്രത്യേക സിറ്റിങിൽ വിസിമാരുടെ ഹർജി ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്.

വിവിധ സർകലാശാലകളിലെ വിസിമാർ രാവിലെ മുതൽ കൊച്ചിയിലെത്തിയിട്ടുണ്ട്. നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ചാണ് ഇവർ ഹൈക്കോടതിയിൽ ഹർജി നൽകുക. കേരള, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാല വിസിമാര്‍ ഇന്ന് കൊച്ചിയില്‍എത്തുമെന്നാണ് വിവരം. ഓരോരുത്തരും തങ്ങളുടെ അഭിഭാഷകരെ കണ്ട ശേഷമാവും ഹൈക്കോടതിയെ സമീപിക്കുകയെന്നാണ് വിവരം. കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍, കാലിക്കറ്റ് വി സി എം കെ ജയരാജന്‍, കേരള സര്‍വകലാശാല വി സി വി പി മഹാദേവന്‍ പിള്ള എന്നിവരാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നാണ് വിവരം.

Also Read- സർക്കാർ-ഗവർണർ പോര് ഹൈക്കോടതിയിലേക്ക്; വി.സിമാർ ഹർജി നൽകും; 4 മണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും

ഗവർണറുടെ നീക്കത്തെ നിയമപരമായി നേരിടാന്‍ സര്‍ക്കാരും ഒരുങ്ങുന്നുണ്ട്. ഇതിനായി ഭരണഘടനാ വിദഗ്ധരുമായി സര്‍ക്കാരും കൂടിക്കാഴ്ച നടത്തും. രാജി വയ്‌ക്കേണ്ടെന്ന് വിസിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമെന്നാണ് അറിയുന്നത്. ഗവര്‍ണറുടെ അന്ത്യശാസനം തള്ളിയാല്‍ വിസിമാരെ പുറത്താക്കി, സര്‍വകലാശാലകളിലെ സീനിയര്‍ പ്രഫസര്‍മാര്‍ക്ക് ചുമതല നല്‍കുക എന്ന കടുത്ത നടപടിയിലേക്ക് ഗവര്‍ണര്‍ കടക്കുമോയെന്നത് വ്യക്തമല്ല.