ഹിമാചലിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബർ 12ന്; ഗുജറാത്തിലെ പ്രഖ്യാപനം പിന്നീട്

ഹിമാചലിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബർ 12ന്; ഗുജറാത്തിലെ പ്രഖ്യാപനം പിന്നീട്


ദില്ലി: ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 12നാണ് വോട്ടെടുപ്പ്. ഡിസംബർ 8ന് വോട്ടെണ്ണൽ നടക്കും. ഹിമാചലിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ മാസം 17ന് തെരഞ്ഞെടുപ്പ്  വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബര്‍ 25 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍  29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഗുജറാത്തിൽ പെരുമാറ്റ ചട്ടം നിലവിൽ വന്നു. 

ഹിമാചലിനൊപ്പം ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ തീയതി പിന്നീടേ ഉണ്ടാകൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.  ഗുജറാത്തിൽ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബറിൽ തന്നെ വോട്ടെടുപ്പ് നടന്നേക്കും. നവംബർ 12ന് ഹിമാചലിൽ വോട്ടെടുപ്പ് നടക്കുന്നുണ്ടെങ്കിലും വോട്ടെണ്ണൽ ഒരു മാസത്തിന് ശേഷമാണ് എന്നതാണ് ഈ സൂചന സജീവമാക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ ഒരുമിച്ച് നടത്തിയേക്കും. കാലാവസ്ഥ അടക്കം കണക്കിലെടുത്താണ് ഹിമാചലിൽ തെരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.