ബാധ കൂടിയെന്ന് ആരോപിച്ച് 14 കാരിയെ അച്ഛൻ പട്ടിണിക്കിട്ട് കൊന്നു

ബാധ കൂടിയെന്ന് ആരോപിച്ച് 14 കാരിയെ അച്ഛൻ പട്ടിണിക്കിട്ട് കൊന്നു


പതിനാല് കാരിയായ മകളുടെ ദേഹത്ത് ബാധ കൂടിയെന്ന് ആരോപിച്ച് അച്ഛൻ മകളെ പട്ടിണിക്കിട്ട് കൊന്നു. ഗുജറാത്തിലെ ഗിർ സോംനാഥ് ജില്ലയിലാണ് ഈ അതിക്രൂര സംഭവം നടന്നത്. ( Gujarat Teen Thought To Be Possessed Tortured to death by father )

14 കാരിയായ ധൈര്യ അക്ബാരിയെ ഒക്ടോബർ ഒന്ന് മുതൽ 7 വരെയുള്ള ദിവസങ്ങളിൽ അച്ഛന്റെ ഫാമിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അച്ഛൻ ഭവേഷ് അക്ബാരിയും പെൺകുട്ടിയുടെ മൂത്ത സഹോദരൻ ദിലീപും ചേർന്ന് ധൈര്യയെ ശാരീരികമായി ഉപദ്രവിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

മകളുടെ സ്വഭാവത്തിൽ പെട്ടെന്നുണ്ടായ വ്യത്യാസത്തിന് കാരണം ബാധ കേറിയതാണെന്ന് ആരോപിച്ചായിരുന്നു മര്ഡദനം. സൂരത് സ്വദേശിയായ അക്ബാരി മകളെ മൂന്ന് മാസം മുൻപ് ദവ ഗ്രാമത്തിലേക്ക് അയക്കുകയും അവിടെ നിന്ന് ഫാമിലേക്ക് കൊണ്ടുവരികയുമായിരുന്നു. പെൺകുട്ടിയെ ആഭിചാര ക്രിയകൾക്ക് വിധേയമാക്കുകയും, മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നതായി എഫ്‌ഐആറിൽ പറയുന്നു. മരണശേഷം ഫാമിൽ തന്നെ പെൺകുട്ടിയെ കുഴിച്ചിടുകയായിരുന്നു.


പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് സംശയം തോന്നിയ അമ്മയാണ് പൊലീസിൽ വിവരമറിയിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിക്കുന്നത്. സംഭവത്തിൽ പിതാവിന്റേയും കൃത്യത്തിൽ പങ്കെടുത്ത സഹോദരന്മാരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.