നവീകരിച്ച ചിറക്കല്‍ ചിറ 28ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

നവീകരിച്ച ചിറക്കല്‍ ചിറയുടെ ഉദ്ഘാടനം ഒക്ടോബര്‍ 28ന് വൈകീട്ട് അഞ്ചിന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുമെന്ന് കെ വി സുമേഷ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ചിറകളിലൊന്നായ ചിറക്കല്‍ ചിറക്ക് 400 വര്‍ഷത്തെ പഴക്കമുണ്ട്. 12.70 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ചിറ മണ്ണും ചെളിയും നീക്കിയും പടവുകള്‍ പുനര്‍നിര്‍മ്മിച്ചും സംരക്ഷണ ഭിത്തി കെട്ടിയുമാണ് നവീകരിച്ചത്. ഇതിനായി ജലസേചന വകുപ്പിന്റെ എസ്റ്റിമേറ്റ് പ്രകാരം 2.30 കോടി ഹരിതകേരളം ടാങ്ക്സ് ആന്‍ഡ് പോണ്ട്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിരുന്നു. ചെളിയും മാലിന്യങ്ങളും നിറഞ്ഞ 53949 ക്യുബിക് മീറ്റര്‍ മണ്ണ് ചിറയില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്. നവീകരണം പൂര്‍ത്തിയായതോടെ ചിറയുടെ ജലസംഭരണ ശേഷി 799.93 ലക്ഷം ലിറ്ററില്‍ നിന്ന് 1339.42 ലക്ഷം ലിറ്ററായി. ഇതോടെ പ്രദേശത്തെ ഭൂഗര്‍ഭജലനിരപ്പ് വര്‍ധിച്ചു. നവീകരണത്തോടെ ചിറയുടെ ആഴം 1.6 മീറ്ററില്‍നിന്ന് 2.6 മീറ്ററായി. ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലുള്ള ചിറ വ്യവസ്ഥകളോടെ ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് നവീകരിച്ചത്. ചിറ നവീകരണത്തിന് ചിറക്കല്‍ രാജകുടുംബം വലിയ പിന്തുണ നല്‍കിയതായും ഭാവി പ്രവര്‍ത്തനങ്ങള്‍ ചിറക്കല്‍ കോവിലകവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും എംഎല്‍എ അറിയിച്ചു.
മഴക്കാലത്ത് ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ നിന്ന് ഒഴുകി വരുന്ന അഴുക്ക് വെള്ളം ചിറയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ സംരക്ഷണ ഭിത്തിയുടെ മുകളിലായി പാരപറ്റ് വാളും നിര്‍മിച്ചിട്ടുണ്ട്. ഇതിന്റെ ഉപരിഭാഗം പ്ലാസ്റ്ററിംഗ് നടത്തി പെയിന്റ് ചെയ്തു.