പവര്‍ഗ്രിഡ് 400 കെവി നിര്‍മ്മാണം അയ്യന്‍കുന്ന് മുടയരിഞ്ഞിയില്‍ നിര്‍ത്തിവച്ചു.

പവര്‍ഗ്രിഡ് 400 കെവി നിര്‍മ്മാണം അയ്യന്‍കുന്ന് മുടയരിഞ്ഞിയില്‍ നിര്‍ത്തിവച്ചു.
ഇരിട്ടി: സ്ഥലം ഉടമകളുടേയും തദ്ദേശവാസികളുടേയും പ്രതിഷേധത്തിനിടയില്‍ പവര്‍ഗ്രിഡ് 400 കെവി ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനം അയ്യന്‍കുന്ന് മുടയിരഞ്ഞിയില്‍ നിര്‍ത്തിവച്ചു. ആറളം, അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് അംഗങ്ങള്‍, 400 കെവി ലൈന്‍ കടന്നുപോകുന്ന സ്ഥലം ഉടമകള്‍ എന്നിവരുടെ യോഗം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജൂലൈ 11 ന് ചേര്‍ന്നിരുന്നു. വയനാട് കെഎസ്ഇബി എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ സംബന്ധിച്ച യോഗത്തില്‍ വച്ച് നോട്ടീസ് നല്‍കി, പാക്കേജ് പ്രകാരം നഷ്ട പരിഹാരം കിട്ടിയ ശേഷമേ ഉടമകളുടെ സ്ഥലത്തു കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നു തീരുമാനിച്ചിരുന്നു.
എന്നാല്‍ ഈ വാദ്ഗാനങ്ങള്‍ കാറ്റില്‍ പറത്തി, ടവര്‍ നിര്‍മ്മാണ സ്ഥലം മാര്‍ക്ക് ചെയ്യാനെന്ന വാദവുമായി വന്ന് സ്ഥലം അളന്നു തിരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. ടവര്‍ ഉടമകളില്‍ നിന്ന് ഈ സ്ഥലത്തിന്റെ സര്‍വ്വ അധികാരവും  കവര്‍ന്നെടുക്കുന്ന നോട്ടീസാണ്  കെഎസ്ഇബി അധികൃതര്‍ നല്‍കുന്നത്..
ഇരിട്ടിയിലെ യോഗ തീരുമാനപ്രകാരം അയ്യന്‍കുന്ന്, ആറളം പഞ്ചായത്ത് പ്രസിഡന്റുമാര്‍, സണ്ണിജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബെന്നി പുതിയാമ്പുറം എന്നിവര്‍  നഷ്ടപരിഹാരപാക്കേജിനെക്കുറിച്ചുള്ള നിവേദനങ്ങള്‍ വൈദ്യുതി മന്ത്രിക്ക് നേരിട്ടു നല്‍കി കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എന്നാല്‍ നാളിതുവരെ ഒരു പ്രതികരണവും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇത്  സ്ഥലം ഉടമകളെ പ്രകോപിപ്പിക്കുകയായിരുന്നു. എംഎല്‍എ മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. നിരവധി കര്‍ഷകരുടെ വിലയേറിയ വിള ഭൂമിയും, നാണ്യവിളകളും പിഴുതെറിയപ്പെടുകയാണ്.
കെഎസ്ഇബിയുടെ കത്ത് നല്‍കാനെന്ന് പറഞ്ഞ് വന്ന ഉദ്യോഗസ്ഥര്‍ സ്ഥലം അളക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ എഞ്ചിനീയര്‍മാരേയും സംഘത്തേയും അയ്യന്‍കുന്ന് മുടയരിഞ്ഞിയില്‍ തദ്ദേശവാസികളും സ്ഥലം ഉടമകളും തടയുകയായിരുന്നു. വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍, ബെന്നി പുതിയാമ്പുറം എന്നിവര്‍ ഇവരുമായി സംസാരിച്ചു. സ്ഥലം ഉടമകളുടെയും ദേശവാസികളുടെയും ആവശ്യങ്ങള്‍ വസ്തുതാപരമാണെന്നും, ടവര്‍ ഉടമകള്‍ക്കു മാത്രമല്ല ലൈന്‍ കടന്നുപോകുന്ന സ്ഥലം ഉടമകള്‍ക്കും നഷ്ടപരിഹാരം അര്‍ഹതപ്പെട്ടതാണെന്നും പ്രസിഡന്റ് അറിയിച്ചു. തുടര്‍ന്ന് എഞ്ചിനീയര്‍മാര്‍ മേലധികാരികളുമായും എംഎല്‍എയുമായും ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചു.
14 ന് 5 ന് എടൂരില്‍ ആറളം പഞ്ചായത്ത് ഓഫീസില്‍ വച്ച് അയ്യന്‍കുന്ന്, ആറളം പഞ്ചായത്ത് പ്രസിഡന്റുമാര്‍, 400 കെവി പവര്‍ ഗ്രിഡ് ടവര്‍ സ്ഥാപിക്കുന്നതും ലൈന്‍ കടന്നു പോകുന്നതുമായ സ്ഥലം ഉടമകളുടേയും യോഗം എംഎല്‍എ വിളിച്ചിട്ടുണ്ട്. ഇതിനു ശേഷം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനാണ് തീരുമാനം. സ്ഥലം ഉടമകളുടെ പ്രതിനിധികളായി അണിയറ ജോണ്‍സണ്‍, സാലു മൂത്തേടത്ത്, ജോജോ ആയാന്‍കുടി, ജോര്‍ജ്ജ് കിളിയന്തറ, ഷാജു ഇടശ്ശേരി എന്നിവര്‍ ആശങ്കകള്‍ അറിയിച്ചു.
കെഎസ്ഇബി അസി. എഞ്ചിനീയര്‍ അബുള്‍ കയ്‌സ് , സബ് എഞ്ചിനീയര്‍ ടി.പി.എം.നവനീത്, എല്‍& ടി കമ്പനി സര്‍വ്വേയര്‍ സന്ദീപ് സിങ് എന്നീ ഉദ്യോഗസ്ഥരാണ് സര്‍വ്വേക്ക് എത്തിയത്.