
ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുനത്. 2017 ഓഗസ്റ്റ് 23 നാണ് പിണാറായി വിജയന്, മുന്‍ ഊർജവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്, ഊർജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉള്‍പ്പെടെ നാല് മുതിര്‍ന്ന അഭിഭാഷകരാണ് സിബിഐക്ക് വേണ്ടി ഹാജരാകുന്നത്. 2018 ജനുവരിയിൽ നോട്ടിസ് അയച്ചശേഷം കേസ് 33-ാം തവണയാണ് വിചാരണ മാറ്റുന്നത്. കേസിലെ പ്രതികളായ കെഎസ്ഇബി ജനറേഷന് വിഭാഗം മുന്‍ ചീഫ് എഞ്ചിനീയർ കസ്തൂരി രംഗ അയ്യര്‍, കെഎസ്ഇബി മുന്‍ അക്കൗണ്ട്സ് മെംബർ കെ ജി രാജശേഖരൻ, മുന്‍ ബോര്‍ഡ് ചെയര്മാന് ആര് ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ അപ്പീൽ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനിയിലാണ്.
ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ് എൻ സി ലാവലിനുമാലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.