തൂക്കുപാലദുരന്തം: സംഭവിച്ചത് ഗുരുതര വീഴ്ച; 9 പേർ അറസ്റ്റിൽ, മരിച്ചവരിൽ 47 പേർ കുട്ടികൾ

ഗാന്ധിനഗർ: ഗുജറാത്തിലെ മോർബി തൂക്കുപാലദുരന്തവുമായി ബന്ധപ്പെട്ട് ഒൻപതു പേർ അറസ്റ്റിൽ. തൂക്കുപാലത്തിന്റെ നവീകരണം നടത്തിയ 'ഒറേവ' കമ്പനിയിലെ മാനേജർമാർ, പാലത്തിലെ പ്രവേശന ടിക്കറ്റ് കളക്ടർമാർ, സുരക്ഷാജീവനക്കാർ എന്നിവരുൾപ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ ഉണ്ടായ ദുരന്തത്തിൽ 141 പേർക്ക് ജീവൻ നഷ്ടമായെന്നാണ് വിവരം.

ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒറേവ, സുരക്ഷയുമായി ബന്ധപ്പെട്ട പല നിയമങ്ങളും ലംഘിച്ചുവെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. നവീകരണത്തിനു ശേഷം പൊതുജനങ്ങൾക്കായി പാലം തുറന്നുകൊടുത്തതിന്റെ നാലാംദിനമാണ് വൻ ദുരന്തമുണ്ടായത്. തൂക്കുപാലത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മോർബി നഗര ഭരണകൂടവുമായി 15 കൊല്ലത്തെ കരാറിലാണ് ഒറേവ ഒപ്പുവെച്ചത്. എന്നാൽ പാലം നവീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് മുൻപരിചയമില്ലാത്ത ചെറുകമ്പനിയായ ദേവപ്രകാശ് സൊല്യൂഷൻസിനെ ഏൽപിക്കുകയായിരുന്നു എന്നാണ് വിവരം.

മാർച്ച് മാസത്തിലാണ് തൂക്കുപാലം നവീകരണം ഒറേവയെ ഏൽപിക്കുന്നത്. തുടർന്ന് ഏഴുമാസത്തിനു ശേഷം ഗുജറാത്തി പുതുവർഷമായ ഒക്ടോബർ 26-ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി ചുരുങ്ങിയത് എട്ടു മുതൽ 12 മാസംവരെ പാലം അടച്ചിടണമെന്ന് കരാറിലുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച പാലം തുറന്നുകൊടുത്തത് ഗുരുതരമായ ഉത്തരവാദിത്വമില്ലായ്മയും ശ്രദ്ധയില്ലായ്മയുമാണെന്ന് പോലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും നടത്തിപ്പിനും ചുമതലപ്പെടുത്തിയിരുന്നവർ അത് വേണ്ടവിധത്തിൽ ചെയ്തില്ലെന്നും എഫ്.ഐ.ആർ. വ്യക്തമാക്കുന്നു.

തൂക്കുപാലത്തിലേക്കുള്ള പ്രവേശനത്തിനുള്ള ടിക്കറ്റ് വിറ്റിരുന്നത് 12-17 രൂപയ്ക്കാണ്. അഞ്ഞൂറോളം പേരാണ് സംഭവസമയത്ത് തൂക്കുപാലത്തിലുണ്ടായിരുന്നത്. 125 പേരെ താങ്ങാനുള്ള കരുത്തുമാത്രമാണ് പാലത്തിനുണ്ടായിരുന്നത്. പാലം തകർന്ന് നദിയിൽ വീണവർക്കു വേണ്ടിയുള്ള ഞായറാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. തിങ്കളാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കും. ഇതുവരെയുള്ള കണക്കുകൾ പ്രകാരം മരിച്ചവരിൽ 47 പേർ കുട്ടികളാണ്. ഇതിൽ ഏറ്റവും ചെറിയകുട്ടിയ്ക്ക് രണ്ടുവയസ്സാണ് പ്രായം.