9 വി.സിമാർക്കും സ്ഥാനത്ത് തുടരാം; ഉടന്‍ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും ഹൈക്കോടതി

 9 വി.സിമാർക്കും സ്ഥാനത്ത് തുടരാം; ഉടന്‍ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും ഹൈക്കോടതി


കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വി.സിമാർ ഉടന്‍ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാർക്കും സ്ഥാനത്ത് തുടരാമെന്നും ഹൈക്കോടതി. ഇന്ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ/ചാൻസലർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ചാന്‍സലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങള്‍ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കി. ( 9 VCs can remain in place High Court ).

കേരളത്തിലെ ഒന്‍പത് വി.സിമാരും അടിയന്തരമായി രാജിവയ്ക്കണമെന്ന കടുംപിടുത്തത്തില്‍ നിന്ന് ഗവര്‍ണര്‍ അയഞ്ഞിരുന്നു. അഭ്യര്‍ത്ഥന എന്ന രീതിയിലാണ് താന്‍ വൈസ് ചാന്‍സിലര്‍മാരോട് രാജി ആവശ്യപ്പെട്ടതെന്ന് ഗവര്‍ണര്‍ കോടതിയില്‍ പറഞ്ഞു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ അത് പറഞ്ഞത്. വിസിമാര്‍ക്ക് മാന്യമായി പുറത്തുപോകാനുള്ള അവസരമാണ് നല്‍കിയത്. എന്നാല്‍ ആരും അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.


സുപ്രിംകോടതി വിധി പ്രകാരം കടുത്ത നടപടിയിലേക്ക് കടക്കും മുന്‍പ് നടത്തിയ അഭ്യര്‍ത്ഥന മാത്രമായിരുന്നു തന്റേത്. കാരണം ബോധിപ്പിക്കാനും, വിസിമാരുടെ ഭാഗം കേള്‍ക്കാനും 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. പത്ത് ദിവസത്തേക്ക് നടപടിയൊന്നും ഉണ്ടാകില്ലെന്നും കോടതിയില്‍ ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണറുടെ അസാധാരണ ഉത്തരവിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് അല്‍പ സമയം മുന്‍പ് നടന്ന സുദീര്‍ഘമായ വാര്‍ത്താ സമ്മേളനത്തിലൂടെ ഗവര്‍ണര്‍ മറുപടി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗം ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു രാജ്ഭവനില്‍ ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്‍പം പിപ്പിടിയാകാമെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തനം എന്ന നിലയില്‍ ചിലര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണെന്നും കടക്കു പുറത്തെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു