കനത്ത മഴയിൽ ഉളിക്കൽ ടൗണിലെ കടകളിൽ വെള്ളം കയറി നാശനഷ്ടം

കനത്ത മഴയിൽ ഉളിക്കൽ ടൗണിലെ കടകളിൽ വെള്ളം കയറി നാശനഷ്ടം

ഇരിട്ടി: കനത്ത മഴയിൽ ഉളിക്കൽ ടൗണിലെ കടകളിൽ വെള്ളം കയറി നാശനഷ്ടം . ടൗണിലെ പത്തോളം കടകളിലാണ് വെള്ളം കയറി നാശനഷ്ടം നേരിട്ടത്. ടൗണിലെ  ഡ്രയിനേജ് സംവിധാനം ശാസ്ത്രീയമായ രീതിയിൽ ഒരുക്കാത്തതാണ് വെള്ളം കയറാൻ കാരണമെന്നാണ് ആക്ഷേപം.
ബുധനാഴ്ച വൈകുന്നേരം 6 മണിയോടെ ഉണ്ടായ അതി ശക്തമായ മഴയിലാണ് ഉളിക്കൽ ടൗണിൽ നിരവധി കടകളിൽ വെള്ളം കയറിയത്. മെഡിക്കൽ ഷോപ്പ് , സ്റ്റേഷനറി, തുണിക്കട, ബേക്കറി, ഹോട്ടൽ തുടങ്ങി സ്ഥാപനങ്ങളിലാണ് വെള്ളം കയറി നാശം സംഭവിച്ചത്. ഉളിക്കൽ ബസ് സ്റ്റാന്റ് മുതൽ കോവിലകം റോഡിലൂടെ ഒഴുകിയെത്തിയ വെള്ളമാണ് കടകളിൽ കയറിയത്. കോവിലകം റോഡിൽ ഓവുചാൽ ഇല്ലാത്തതും, ടൗണിലെ ഓവുചാലുകൾ അടഞ്ഞതുമാണ് വെള്ളം കടകളിൽ കയറാൻ കാരണമായത്. ഓവുചാൽ സംവിധാനം കാര്യക്ഷമമാക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് ഉൾപ്പെടെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും, അർഹമായ നഷ്ടപരിഹാരം വ്യാപാരികൾക്ക് എത്രയും വേഗം നൽകണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.