ആരാമം ആരോഗ്യം പദ്ധതിയുടെ ഭാഗമായി തില്ലങ്കേരി പെരിങ്ങാനം ഗവ:സ്കൂളിൽ ഔഷധസസ്യ ഉദ്യാനം

ആരാമം ആരോഗ്യം  പദ്ധതിയുടെ ഭാഗമായി തില്ലങ്കേരി പെരിങ്ങാനം ഗവ:സ്കൂളിൽ ഔഷധസസ്യ ഉദ്യാനം
ഇരിട്ടി: തില്ലങ്കേരി പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറി, ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ പെരിങ്ങാനം ഗവ. എൽ. പി. സ്കൂളിൽ ഔഷധസസ്യ ഉദ്യാനം നിർമ്മിച്ചു നൽകി. ''ആരാമം ആരോഗ്യം" എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, വീടുകളിലും ഓഫീസുകളിലും ഔഷധത്തോട്ടം നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഉദ്യാനം നിർമ്മിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ശ്രീമതി ഉദ്ഘാടനം ചെയ്തു.
കറ്റാർവാ, പനിക്കൂർക്ക, മുറികൂട്ടി, തുളസി, ചിറ്റമൃത്, മുത്തിൾ, ബ്രഹ്മി, പുളിയാറില, ചിറ്റരത്ത, വെറ്റില, കൊടുവേലി, ചങ്ങലംപരണ്ട, ആനച്ചുവടി നിലപ്പന, വയമ്പ്, തിപ്പല്ലി, കരിങ്കുറിഞ്ഞി, വിഷപ്പച്ച, വാതംകൊല്ലി, അയ്യപ്പന എന്നിങ്ങനെ 20 ചെടികൾ ആണ് കുട്ടികൾക്ക് പഠിക്കാനായി ഒരുക്കിയിട്ടുള്ളത്. ചെടിയുടെ ബോട്ടാണിക്കൽ നെയിം, ഉപയോഗം എന്നിവ ഉള്ള ബോർഡും സ്ഥാപിച്ചിട്ടുണ്ട്. 
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ജൈവ കർഷകനായ  ഷിംജിത്തിന്റെ ജൈവകം തില്ലങ്കേരി എന്ന നഴ്സറി യിൽ നിന്നാണ് തൈകൾ ലഭ്യമാക്കിയത്. സ്കൂളിലെ പൂർവ വിദ്യാർഥികൾ ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കി.  ചടങ്ങിൽ പി ടി എ വൈസ് പ്രസിഡന്റ്‌  രഘുനാഥൻ, പ്രഥമാധ്യാപകൻ  രവീന്ദ്രൻ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. അനീഷ് കുമാർ, മദർ പി ടി എ പ്രസിഡന്റ്‌ വി. മിനി, പൂർവ്വ വിദ്യാർത്ഥികളുടെ പ്രതിനിധി  ബിജു, യോഗ ഇൻസ്‌ട്രക്ടർ ഡോ. സനില, ഹൗസ് സർജൻമാരായ ഡോ. ലിംഷ, ഡോ. രശ്മി, ഡോ. വന്ദന, പ്രജീഷ് മാസ്റ്റർ  എന്നിവർ  സംബന്ധിച്ചു.