പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം : കണ്ണൂരിൽ യുവാവിന് അഞ്ച് വർഷം തടവും പിഴയും


പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം : കണ്ണൂരിൽ യുവാവിന് അഞ്ച് വർഷം തടവും പിഴയുംതളിപ്പറമ്പ്: പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് അഞ്ച് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 20,000 രൂപ ആണ് പിഴ വിധിച്ചത്. പിഴയടക്കാൻ തയ്യാറായില്ലെങ്കിൽ മൂന്ന് മാസം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി ഇത്തരവിൽ പറയുന്നു.
വയക്കര പൊന്നംവയലിലെ ഇ.ആർ. സന്ദീപിനെതിരെയാണ് (38) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി മുജീബ് റഹ്മാൻ ശിക്ഷ വിധിച്ചത്.
2014 ജൂൺ 13-നാണ് സംഭവം നടന്നത്.
ടാക്സി ഡ്രൈവറായ പ്രതി പെൺകുട്ടിയെ സ്കൂളിന് സമീപത്തുവെച്ച് തന്റെ ജീപ്പിൽ കയറ്റി വയക്കര വങ്ങാട് എത്തിയപ്പോൾ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു.
ജീപ്പ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ ഓടിച്ചുപോയപ്പോൾ പെൺകുട്ടി പുറത്തേക്ക് ചാടുകയും പരിക്കുപറ്റുകയും ചെയ്തിരുന്നു. തുടർന്നാണ് പെരിങ്ങോം സ്‌റ്റേഷനിൽ പരാതി നൽകിയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ നിയമപ്രകാരം കേസെടുത്തു.
തുടർന്ന്, അന്നത്തെ എസ്.ഐ പി.ബി. സജീവിന്റെ നേതൃത്വത്തിൽ അഡീഷനൽ എസ്.ഐമാരായ വൈ.ബി. പുരുഷോത്തമൻ, രാമചന്ദ്ര വാര്യർ എന്നിവർ ചേർന്ന് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.