വടക്കഞ്ചേരി ബസപകടം:മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

വടക്കഞ്ചേരി ബസപകടം:മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു


തൃശ്ശൂര്‍: വടക്കഞ്ചേരി അപകത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗമാണ് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ തീരുമാനമെടുത്തത്. അപകട ഇൻഷുറൻസ് തുകയ്ക്ക് പുറമെയാണ് ഈ സഹായം. ഒൻപത് പേരാണ് വടക്കഞ്ചേരി അപകടത്തിൽ മരണപ്പെട്ടത്. 

അപകടത്തിൽ സാരമായി പരിക്കേറ്റവരിൽ ആവശ്യമുള്ളവർക്ക് തുടർ ചികിത്സയ്ക്ക് സര്‍ക്കാര്‍ സംവിധാനമൊരുക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ തൃശ്ശൂരിൽ അറിയിച്ചു. അപകടത്തെത്തുടർന്ന് പ്രഖ്യാപിച്ച അന്വേഷണങ്ങൾ മുൻതീരുമാന പ്രകാരം പൂ‍ര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് വടക്കഞ്ചേരിയിൽ വച്ച് അപകടത്തിൽപ്പെട്ടത്. മണിക്കൂറിൽ 97 കിലോമീറ്റര്‍ വേഗതയിൽ എത്തിയ ടൂറിസ്റ്റ് ബസ് മുൻപിലുണ്ടായിരുന്ന ഒരു കാറിനും കെഎസ്ആര്‍ടിസി ബസിനും ഇടയിലൂടെ മറികടന്നു പോകാൻ നടത്തിയ ശ്രമമാണ് വലിയ അപകടത്തിൽ കലാശിച്ചത്. കെഎസ്ആര്‍ടിസി ബസിൻ്റെ പിറകിൽ ഇടിച്ച് നിയന്ത്രണം തെറ്റിപ്പോയ ടൂറിസ്റ്റ് ബസ് ഇടതുഭാഗത്തുള്ള താഴ്ചയിലേക്ക് മറിഞ്ഞു വീണാണ് അപകടം സംഭവിച്ചത്. 

മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരു അധ്യാപകനുമാണ് അപകടത്തിൽ മരിച്ചത്. എൽന ജോസ് (15) , ക്രിസ്‍വിന്‍റ് ബോണ്‍ തോമസ് (15) ,ദിയ രാജേഷ് (15) ,അഞ്ജന അജിത് (17) , ഇമ്മാനുവൽ സിഎസ് (17) എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. വിഷ്ണു.വി.കെ (33) ആണ് മരിച്ച അധ്യപകന്‍.  ദീപു , അനൂപ് , രോഹിത് എന്നിവരാണ് മരിച്ച കെഎസ്ആർടിസിയിലെ യാത്രക്കാർ.

പത്ത് , പതിനൊന്ന് , പന്ത്രണ്ട് ക്‌ളാസ് വിദ്യാർത്ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 50 ഓളം പേരാണ് കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ നാല്പതോളം പേരിൽ ഏഴു പേര്‍ക്ക് ഗുരുതരപരിക്കുണ്ടായിരുന്നു. കൊട്ടാരക്കരയിൽ നിന്ന് കോയന്പത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.