ചികിത്സാ പിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: തങ്കം ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാര്‍ അറസ്റ്റില്‍

ചികിത്സാ പിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: തങ്കം ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാര്‍ അറസ്റ്റില്‍


പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിലെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ മൂന്നു ഡോക്ചർമാർ‌ അറസ്റ്റിൽ. തത്തമംഗലം സ്വദേശി ഐശ്വര്യയും നവജാത ശിശുവും മരിച്ചത് ചികിത്സപ്പിഴവുമൂലമാണെന്ന് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് നടപടി. പാലക്കാട് ടൗൺ സൗത്ത് പോലിസ് ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തിൽ വിട്ടു. 25 കാരിയായ ഐശ്വര്യയെ ജൂൺ അവസാന വാരമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് വെ്നറിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു.

Also Read-പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത് മൂന്നു ഡോക്ടർമാരുടെ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്

നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.ഐശ്വര്യയുടെയും കുഞ്ഞിന്‌റെയും മരണത്തെതുടർന്ന് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചിരുന്നു.