ആലപ്പുഴയില്‍ കുടിവെള്ള ക്ഷാമം; ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിച്ച് മമ്മൂട്ടി

ആലപ്പുഴയില്‍ കുടിവെള്ള ക്ഷാമം; ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിച്ച് മമ്മൂട്ടി


ആലപ്പുഴയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി മമ്മൂട്ടി. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലയില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ച് സഹായഹസ്തം നീട്ടി താരം.മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ ആണ് കുടിവെള്ളം എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ 12

ദിവസങ്ങളായി ആലപ്പുഴയിലെ ജനങ്ങള്‍ വെള്ളമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് പമ്പിങ് പുനരാരംഭിക്കുന്നതു വരെ കുടിവെള്ളം എത്തിക്കാനാണ് കെയര്‍ ആന്‍ഡ് ഷെയറിന്റെ ശ്രമം. ആലപ്പുഴയിലെ ജലക്ഷാമത്തെ കുറിച്ചുള്ള വാര്‍ത്ത കണ്ട് മമ്മൂട്ടി സി.പി ട്രസ്റ്റ് ചെയര്‍മാന്‍ സി.പി സാലിഹിനെ വിളിച്ചു പറയുകയായിരുന്നു.

സാലിഹിന്റെ നിര്‍ദേശം അനുസരിച്ച് ഉടന്‍ തന്നെ ആലപ്പുഴയിലെത്തി ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു. സന്നദ്ധ സേവന രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങളാണ് കെയര്‍ ആന്‍ഡ് ഷെയര്‍ നടത്തുന്നത്.

അതേസമയം, ‘റോഷാക്ക്’ ആണ് മമ്മൂട്ടിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഒക്ടോബര്‍ 7ന് പുറത്തിറങ്ങിയ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. നിലവില്‍ ‘കാതല്‍’ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മമ്മൂട്ടി.