വിസിമാര്‍ രാജിവയ്ക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം; ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിംഗ്

വിസിമാര്‍ രാജിവയ്ക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം; ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിംഗ്


തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പതു വി.സിമാര്‍ രാജിവെയ്ക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം ഹൈക്കോടതി പരിശോധിക്കും. ഇന്നു ഉച്ചയ്ക്ക് ശേഷം 4 മണിക്ക് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് വിസി മാരുടെ ഹര്‍ജി പരിഗണിക്കും. രാജിവയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച അന്ത്യശാസനത്തിന്റെ സമയം രാവിലെ 11.30 ന് അവസാനിച്ചെങ്കിലും വിസിമാര്‍ രാജിവച്ചില്ല. നിയമ നടപടി സ്വീകരിക്കുമെന്ന് 6 വിസി മാര്‍ രാജ്ഭവനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എം.ജി, കുഫോസ്, കെടിയു ഒഴികെയുള്ള വി.സിമാരാണ് കത്തുനല്‍കിയത്.

ദീപാവലി പ്രമാണിച്ച് ഇന്ന് കോടതിക്ക് അവധിയാണെങ്കിലും ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് നിര്‍ദ്ദേശിക്കുകയായിരുന്നു.
വിസി സ്ഥാനത്ത് തുടരാൻ തങ്ങളെ അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ച് വി.സിമാർ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി .ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും ഗവർണറുടെ നോട്ടീസ് നിയമപരമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനുശേഷം അന്വേഷണം നടത്തിയതിനുശേഷമേ നടപടിയെടുക്കാൻ സാധിക്കൂവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഗുരുതരമായ ചട്ടലംഘനമോ പെരുമാറ്റദൂഷ്യമോ ഉണ്ടായാൽ മാത്രമേ നടപിക്രമങ്ങള്‍ പാലിച്ച് വി.സിമാരെ പുറത്താക്കാൻ കഴിയൂവെന്നും ഹര്‍ജിയില്‍ പറയുന്നു.

സർവകലാശാല വിഷയത്തിൽ ​ഗവർണറുടെ പ്രതികരണം എടുക്കാനെത്തിയ മാധ്യമ പ്രവർത്തകരോട് ​ഗവർണർ കയർത്തു സംസാരിച്ചു. പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റ് ആണെന്ന രീതിയിൽ വന്നിരിക്കുന്നു. ചിലർ മാധ്യമ പ്രവർത്തകരായി നടിക്കുന്നു എന്നും ​ഗവർണർ വിമർശിച്ചു.