കണ്ണൂർ: ശ്രീകണ്‌ഠാപുരത്ത് മകൻ പിതാവിനെ മർദ്ദിച്ച് വീട്ടിൽ നിന്നും ഇറക്കിവിട്ടു. എരുവേശി മൂയിപ്പറയിൽ സി.കെ ജനാർദ്ദനനാണ് മർദ്ദനമേറ്റത്. മകൻ വി.കെ രാഗേഷാണ് പിതാവിനെ ക്രൂരമായി മർദ്ദിച്ച് വീട്ടിൽ നിന്നും അടിച്ചിറക്കിയത്. അടികൊണ്ട് അവശനായ ജനാർദ്ദനനെ രാഗേഷ് തള‌ളി നിലത്തിട്ടു.

മദ്യലഹരിയിലാണ് രാഗേഷ് പിതാവിനെ ആക്രമിച്ചത്. രണ്ടാഴ്‌ച മുൻപാണ് സംഭവം നടന്നതെങ്കിലും കുടുംബം ഇതുവരെ പൊലീസിൽ പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് വിവരം. ഇതിനിടെയാണ് വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽപ്രചരിച്ചത്. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന.