മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റ് അടക്കം വിവിധ ഉപകരണങ്ങള്‍ക്ക് ഒറ്റ ചാര്‍ജര്‍; നിയമം പാസാക്കി യൂറോപ്പ്

മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റ് അടക്കം വിവിധ ഉപകരണങ്ങള്‍ക്ക് ഒറ്റ ചാര്‍ജര്‍; നിയമം പാസാക്കി യൂറോപ്പ്


2024 മുതല്‍ ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും  ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റ്. യുഎസ്ബി സി ടൈപ്പ് ചാര്‍ജര്‍ കേബിളുകളാണ് കോമണ്‍ ചാര്‍ജിംഗ് കേബിളായി എത്തുക. ലാപ്ടോപ് നിര്‍മ്മാതാക്കള്‍ക്ക് ഒരേ ചാര്‍ജിംഗ് കേബിളെന്ന നിയമം നടപ്പിലാക്കാന്‍ 2026വരെ സമയം അനുവദിച്ചിട്ടുണ്ട്. 602 എംപി മാരുടെ പിന്തുണയാണ് നിയമത്തിന് ലഭിച്ചത്. 13 പേര്‍ എതിര്‍ക്കുകയും 8 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുയും ചെയ്തു. 

പരിസ്ഥിതിക്ക് ഏറെ ഗുണകരമാകുന്ന തീരുമാനമെന്നാണ് നിയമത്തെ വിലയിരുത്തുന്നത്.  നിയമനിര്‍മാണത്തിന് യുറോപ്യന്‍ യൂണിയന്‍ മല്‍സരവിഭാഗം കമ്മീഷണര്‍ മാര്‍ഗ്രെത്ത് വെസ്റ്റാജര്‍ ട്വിറ്ററില്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. വിവിധ രൂപത്തിലുള്ള ചാര്‍ജറുകള്‍ മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നത്തിനും അസൌകര്യത്തിനും പരിഹാരമെന്നാണ് ഇവര്‍ പ്രതികരിച്ചിരിക്കുന്നത്.