മൂന്ന് ജില്ലകളില്‍ നബിദിന റാലി നിരോധിച്ച് അസം സർക്കാർ, ഉച്ചഭാഷിണിയും പാടില്ല

മൂന്ന് ജില്ലകളില്‍ നബിദിന റാലി നിരോധിച്ച് അസം സർക്കാർ, ഉച്ചഭാഷിണിയും പാടില്ല


ഗുവാഹത്തി: നബിദിനത്തിൽ അസമിലെ മൂന്ന് ജില്ലകളിൽ ഉച്ചഭാഷിണികളും ഘോഷയാത്രകളും നിരോധിച്ച് അസം സർക്കാർ. നബി​ദിന പരിപാടികൾ നടത്താൻ സർക്കാർ ആദ്യം അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.  കച്ചാർ, ഹൈലകണ്ടി, കരിംഗഞ്ച് ജില്ലകളിലെ ഘോഷയാത്രകളും ഉച്ചഭാഷിണികളുടെ ഉപയോഗവുമാണ് അസം സർക്കാർ നിരോധിച്ചു. മുസ്ലീം സമൂഹം ഏറെ പ്രധാന്യത്തോടെ ആഘോഷിക്കുന്നതാണ് പ്രവാചകന്റെ ജന്മദിനം. നബിദിനത്തിൽ അസമില്‍ ഘോഷയാത്രകളും പ്രാർഥനയും പതിവായി ആഘോഷിച്ചിരുന്നതാണ്.  ഘോഷയാത്രകൾ നടത്താനും ഉച്ചഭാഷിണികൾ ഉപയോഗിക്കാനും ജില്ലാ ഭരണകൂടം സംഘാടകരെ നേരത്തെ അനുവദിച്ചിരുന്നെങ്കിലും ക്രമസമാധാന നില കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു.  ഗ്രൗണ്ടിലും പള്ളിയിലും ഈദ്ഗായിലും നബിദിനം ആഘോഷിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ തീരുമാനത്തിന് പിന്നാലെ കച്ചാറിലെ ജൂലസ്-ഇ-മുഹമ്മദി ഉത്സവ് കമ്മിറ്റി നബിദിന റാലി റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു.