രാജിവെക്കില്ലെന്ന് വിസിമാർ; പുറത്താക്കുമെന്ന് ഗവർണർ

രാജിവെക്കില്ലെന്ന് വിസിമാർ; പുറത്താക്കുമെന്ന് ഗവർണർ


ഗവർണറുടെ അന്ത്യശാസനം തള്ളി രാജിവെക്കില്ലെന്നറിയിച്ച് വിവിധ സർവകലാശാല വൈസ് ചാൻസിലർമാർ. എന്നാൽ, രാജി വെക്കാത്തവരെ പുറത്താക്കാനാണ് ഗവർണറുടെ തീരുമാനം. ഇക്കാര്യത്തിൽ നിയമോപദേശം തേടിയെന്ന് രാജ്ഭവൻ അറിയിച്ചു. സുപ്രിം കോടതി വിധിയാണ് ഗവർണർ നടപ്പിലാക്കുന്നത്. പ്രതിഷേധങ്ങൾ പരിഗണിച്ച് നടപടി ഒഴിവാക്കില്ല. ഇന്ന് 11.30 വരെയാണ് രാജിവെക്കാനുള്ള സമയം. ഈ സമയം കഴിഞ്ഞാൽ വിസിമാരെ പുറത്താക്കും.

ഇന്ന് കാലാവധി അവസാനിക്കുന്ന കേരള സർവകലാശാല വൈസ് ചാൻസിലർ വിപി മഹാദേവൻ പിള്ളയ്ക്ക് പകരം ആരോഗ്യ സർവകലാശാല വിസിയ്ക്ക് ചുമതല നൽകും. മറ്റ് സർവകലാശാലകളിൽ താത്കാലിക വിസിമാരെ നിയമിക്കും. ഇതിനായി 12 സീനിയർ പ്രൊഫസർമാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

സർവകലാശാല വി.സിമാരുടെ കൂട്ടരാജി ആവശ്യത്തിൽ ​ഗവർണർ‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം ഇന്ന് നടക്കും. രാവിലെ 10.30ന് പാലക്കാട് കെഎസ്ഇബി ഐബിയിൽ വച്ച് മാധ്യമങ്ങളെ കാണുമെന്നാണ് സർക്കാർ അറിയിക്കുന്നത്.

ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ട വിഷയത്തിൽ യു.ഡി.എഫിൽ അഭിപ്രായ ഭിന്നതയുണ്ട്. വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തിയതിന് പിന്നാലെ ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തിൽ വാർത്താക്കുറുപ്പ് പുറത്തിറക്കിയിരിക്കുകയാണ് മുസ്ലിംലീ​ഗ്. ​

ചെയ്ത തെറ്റ് തിരുത്താൻ ഗവർണർ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിൻ്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണറുടെ നടപടിയെ സ്വാ​ഗതം ചെയ്യുകയാണെന്നുതന്നെയാണ് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കോൺ​ഗ്രസ് നേതാക്കൾ പ്രതികരിച്ചത്