കോയമ്പത്തൂർ സ്ഫോടനം; അഞ്ചു പേർ പിടിയിൽ

കോയമ്പത്തൂർ സ്ഫോടനം; അഞ്ചു പേർ പിടിയിൽ


കോയമ്പത്തൂർ നഗരത്തെ നടുക്കിയ സ്ഫോടനത്തിൽ അഞ്ചു പേർ പിടിയിൽ. ഉക്കടം സിഎം നഗറിലെ മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് നവാസ് ഇസ്മായിൽ, ബ്രയിസ് ഇസ്മായിൽ, മുഹമ്മദ് തൊഹൽക്ക എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ കാറിലുണ്ടായ സ്ഫോടനത്തിൽ ഉക്കടം സ്വദേശി ജമീഷ മുബീൻ മരണപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് കോയമ്പത്തൂരിൽ സുരക്ഷ ശക്തമാക്കി. സുരക്ഷയ്ക്കായി ദ്രുത കർമ സേനയേയും നിയോഗിച്ചിട്ടുണ്ട് ( Coimbatore blast Five people arrest ).


ഞായറാഴ്ച പുലര്‍ച്ചെ ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ കാര്‍ രണ്ടായി പിളരുകയും പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു.


സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോ എന്നകാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടാണ് ജമീഷ മുബീന്‍ ക്ഷേത്രത്തിന് സമീപത്തേക്ക് കാറോടിച്ച് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു. പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, സള്‍ഫര്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. സ്ഫോടനത്തില്‍ തകര്‍ന്ന കാറില്‍ ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ആണികളും മാര്‍ബിള്‍ കഷണങ്ങളും കണ്ടെത്തി.

എന്‍ജിനീയറിങ് ബിരുദധാരിയായ ജമീഷ മുബീനെ ഐഎസ് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് 2019-ല്‍ എന്‍ഐഎ ചോദ്യംചെയ്തിരുന്നു.