മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന്; പിഎഫ്‌ഐ നിരോധനവും കെ.എം ഷാജി വിവാദവും ചര്‍ച്ചയായേക്കും

മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന്; പിഎഫ്‌ഐ നിരോധനവും കെ.എം ഷാജി വിവാദവും ചര്‍ച്ചയായേക്കും


മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് കോഴിക്കോട്ട് ചേരും. പാര്‍ട്ടി നിയോഗിച്ച ഉപസമിതി തയ്യാറാക്കിയ ഭരണഘടനാ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കാനാണ് യോഗം. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടും, കെ എം ഷാജി വിവാദവും യോഗം ചര്‍ച്ച ചെയ്യും.(muslim league state council meeting today )

പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വേദികളില്‍ തന്നെ വ്യത്യസ്ത നിലപാട് എടുത്തിരുന്നു. ഇത് പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പത്തിനും കാരണമായിട്ടുണ്ട്. യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്‌തേക്കും. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ലീഗിലേക്ക് ക്ഷണിച്ചുള്ള കെ എം ഷാജിയുടെ പ്രസംഗത്തിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.

ഷാജിയുടെ പ്രസംഗം വീണ്ടും വിവാദത്തിലായതോടെ ഒരു വിഭാഗം നേതാക്കള്‍ ഷാജിക്കെതിരെ നടപടി ആവിശ്യപ്പെട്ടേക്കും. സംഘടന സംവിധാനവുമായി ബന്ധപ്പെട്ട് ചില ഭരണഘടന ദേദഗതികള്‍ ഇ ടി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായ സമിതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ മാസം മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം ഇതു ചര്‍ച്ച ചെയ്തു.


എന്നാല്‍ ഭേദഗതി നടപ്പാക്കണമെങ്കില്‍ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കണം. അഞ്ചംഗ അച്ചടക്ക സമിതി, 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് എന്നിവ ഭരണഘടനയുടെ ഭാഗമായി ഉള്‍പ്പെടുത്തും. പാര്‍ട്ടി കമ്മിറ്റികളുടെ കാലാവധി 4 വര്‍ഷമായി നിജപ്പെടുത്തും. കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തതിനാല്‍ കൗണ്‍സില്‍ യോഗത്തില്‍ എതിരഭിപ്രായം ഉയരാന്‍ സാധ്യതയില്ല.


അടുത്ത മാസം അംഗത്വ ക്യാമ്പയിന്‍ തുടങ്ങി അടുത്ത വര്‍ഷം മാര്‍ച്ചില്‍ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരുന്ന രീതിയില്‍ പുതിയ കമ്മിറ്റികള്‍ തിരഞ്ഞെടുക്കാനുള്ള സമയക്രമം പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. അച്ചടക്ക സമിതിയും സെക്രട്ടറിയേറ്റും അടുത്ത കമ്മിറ്റി മുതലാണ് നിലവില്‍ വരിക