നാളെ തുലാപ്പത്ത്; ഉത്തരകേരളത്തിൽ തെയ്യക്കാലം വരവായി

ചെറുവത്തൂർ: നാളെ തുലാപ്പത്ത്, ഉത്തരകേരളത്തിൽ ഒരു തെയ്യ കാലത്തിന് കൂടി തുടക്കമാകുന്നു. കോവിഡ് പ്രതിസന്ധിയിലാക്കിയ ഉത്സവങ്ങളെല്ലാം ഇക്കുറി സജീവമാകുമെന്നതിനാൽ തെയ്യം കലാകാരന്മാർക്കും ഏറെ പ്രതീക്ഷ നൽകുന്ന നാളുകളാണ് വരാൻ പോകുന്നത്.
പത്താമുദയത്തോടെ തെയ്യക്കാലത്തെ വരവേൽക്കാനൊരു ങ്ങുകയാണ് ക്ഷേത്രങ്ങളും കാവുകളും കഴകങ്ങളും, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിൽ നടക്കുന്ന കളിയാട്ടത്തോടെയാണ് ഉത്സവത്തിന് തുടക്കമാവുക . മഴക്കാലത്തിന് മുമ്പ് അരങ്ങോഴിഞ്ഞ തെയ്യങ്ങൾ അഞ്ചു മാസത്തെ ഇടവേളക്കുശേഷം കളിയാട്ടക്കാവുകളെ ഉണർത്തും. അസുരവാദ്യമായ ചെണ്ടയുടെ ദ്രുതതാളത്തിനൊപ്പം ദൈവത്തികളിൽ നർത്തനമാടുന്ന തെയ്യ കോലങ്ങൾ ഒരു ദേശത്തിനാകെ അനുഗ്രഹം ചൊരിയും. വടക്കേ മലബാറിലെ ജനങ്ങളുടെ ജീവിതവുമായി അടുത്ത് നിന്ന അനുഷ്ഠാന കലാരൂപം കൂടിയാണ് തെയ്യം. ഓരോ തെയ്യത്തിനും വേഷവിധാനങ്ങളും ചമയങ്ങളും വ്യത്യസ്തമാണ്. തെയ്യക്കാലത്തിന് മുന്നോടിയായി ആടയാഭരണങ്ങളും ചമയങ്ങളും നിർമിക്കുന്ന തിരക്കിലാണ് കോലക്കാരുള്ളത്. തെയ്യം കലാകാരന്മാർ ചമയങ്ങൾ ഒരുക്കുന്നത് ആചാരനിഷ്ഠയോടും വ്രതശുദ്ധിയോടുമാണ്
മരം, ലോഹം, മയിൽപ്പീലി, തുണി, മുള, കുരുത്തോല, വാഴപ്പോള എന്നിവക്കൊപ്പം പുഷ്പങ്ങളും ചമയങ്ങളിൽ ഉപയോഗിക്കുന്നു. ഓരോ തെയ്യത്തിന്റെയും അലങ്കാരങ്ങൾ വ്യത്യസ്തമാണ്.               നിറത്തിലും രൂപത്തിലും ആകൃതിയിലും വൈവിധ്യങ്ങൾ നിറച്ചാണ് തെയ്യങ്ങൾ അരങ്ങിലെത്തുക ഓരോ തെയ്യക്കോലത്തിലും നൃത്തവും ഗീതവും വാദ്യവും ശിൽപകലയുമെല്ലാം ഉൾച്ചേർന്നിരിക്കുന്നു. ആചാരാനുഷ്ഠാനങ്ങൾക്കപ്പുറം ഒരു ദേശത്തിന്റെ സംസ്കാരവും പൈതൃകവുമെല്ലാം ചേരുന്ന ഒരു കലാരൂപം കൂടിയാണ് തെയ്യം കോലക്കാർക്ക് പുറമെ ക്ഷേത്ര ആചാരക്കാർ, വാല്യക്കാർ, ചന്തക്കാർ എന്നിവർക്കെല്ലാം ഇനി തിരക്കേറിയ ദിനങ്ങളാണ്