ഗ്യാന്‍വാപി മസ്ജിദ് കേസ്; 'ശിവലിംഗത്തിന്‍റെ' കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷ തള്ളി കോടതി

ഗ്യാന്‍വാപി മസ്ജിദ് കേസ്; 'ശിവലിംഗത്തിന്‍റെ' കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷ തള്ളി കോടതി


വാരണാസി: ഗ്യാൻവാപി മസ്ജിദ് കേസില്‍ കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷ തള്ളി വാരണാസി കോടതി. ശിവലിംഗത്തിന് സമാനമായ വസ്തുവിന്‍റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണണെന്ന ആവശ്യമാണ് കോടതി തള്ളിയത്. ഗ്യാൻവാപി മസ്ജിദ് പരിസരത്ത് ആരാധന നടത്താൻ അവകാശം തേടി ഹർജി നൽകിയ ഹിന്ദു സ്ത്രീകളാണ് കാർബൺ ഡേറ്റിംഗ് എന്ന ആവശ്യവും മുന്നോട്ട് വച്ച് ഹർജി നൽകിയത്. സുപ്രീംകോടതിയുടെ മെയ് 16 ലെ ഉത്തരവ് പ്രകാരം ഈ ഭാഗം സീൽ ചെയ്യാനാണ് നിർദ്ദേശം. അതിനാൽ അപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിറക്കിയത്. 

കാശി വിശ്വനാഥ് ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിക്കുള്ളില്‍ നിത്യാരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഞ്ച്  ഹിന്ദു  സ്ത്രീകള്‍ കോടതിയെ സമീപിച്ചത്. സിവിൽ കോടതിയില്‍ എത്തിയ ഹർജി  സുപ്രീം കോടതി ഇടപെട്ടാണ് വാരണാസി ജില്ലാകോടതയിലേക്ക് വിട്ടത്. കേസിന്‍റെ സങ്കീർണതയും വൈകാരികതയും പരിഗണിച്ച്  മുതിര്‍ന്ന ജ‍ഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 

ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രത്തിന്‍റെ സ്ഥലത്താണെന്നും പള്ളിക്കുള്ളില്‍ ദേവതകളുടെ വിഗ്രഹങ്ങള്‍ ഉണ്ടെന്നുമുള്ള വാദങ്ങളാണ്  ഹർജി നല്‍കിയവർ മുന്നോട്ട് വയ്ക്കുന്നത്.  നിസ്ക്കാരത്തിന് മുൻപ് വിശ്വാസികള്‍ ദേഹശുദ്ധി വരുത്തുന്ന കുളത്തില്‍ ശിവലിംഗം ഉണ്ടെന്ന വാദവും ഉയർന്നു. ഹർജി ആദ്യം പരിഗണിച്ച സിവിൽ കോടതി വസ്തുതകൾ പഠിക്കാൻ അഡ്വക്കേറ്റ് കമ്മീഷണർമാരെ നിയോഗിച്ചിരുന്നു. എന്നാൽ 1991 ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹ‍ജികൾ നിലനില്‍ക്കുമോ എന്ന വിഷയം ജില്ലാ കോടതി ആദ്യം പരിഗണിക്കാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നത്.


എന്താണ് കാർബൺ ഡേറ്റിംഗ്? 

ജൈവവസ്തുക്കളുടെ പഴക്കം നിർണ്ണയിക്കാനുള്ള ഒരു പ്രശസ്തമായ രീതിയാണ് കാർബൺ ഡേറ്റിംഗ്. 14 എന്ന ആറ്റോമിക ഭാരമുള്ള, കാർബണിൻ്റെ ഒരു പ്രത്യേക ഐസോടോപ്പായ സി-14 റേഡിയോ ആക്ടീവ് ആണെന്ന വസ്തുതയാണ് ഇതിന് സഹായകമാകുന്നത്. ഇതുപ്രകാരം പഴക്കം കണ്ടുപിടിക്കാനുള്ള രീതിയാണ് കാർബൺ ഡേറ്റിംഗ്.