
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. രാജ്ഭവനിൽ ആർഎസ്എസ് ക്രിമിനലുകളുടെ ഭരണമാണ് നടക്കുന്നതെന്ന് ജയരാജൻ ആരോപിച്ചു. ആർഎസ്എസ് അജണ്ട നടപ്പിലാക്കാനാണ് ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമം. മോഹൻ ഭഗവത് കൊടുത്ത കൊട്ടേഷൻ പണി ഇവിടെ നടപ്പാക്കാൻ സമ്മതിക്കില്ല. ആർഎസ്എസുകാരെ വിസിമാരാക്കാൻ സമ്മതിക്കില്ല. കേരളം വെള്ളരിക്കാപ്പട്ടണമല്ല. ഗവർണറാണ് രാജി വയ്ക്കേണ്ടത്. ഗവർണർ നാറിക്കൊണ്ടിരിക്കുകയാണ്. ദില്ലിയിലെത്തിയാൽ അദ്ദേഹം എത്തിയാൽ പരനാറിയാകും എന്നും ജയരാജൻ പറഞ്ഞു.
ഗവർണർ ചെയ്യുന്നതെല്ലാം ജനം വച്ച് പൊറുപ്പിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അധികാരമില്ലാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നത്. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കുന്ന കാര്യം ഗൗരവമായി എൽഡിഎഫ് ആലോചിക്കുമെന്ന് കാനം പറഞ്ഞു. സർവകലാശാല ചട്ടങ്ങളിൽ എല്ലാം വ്യക്തമായുണ്ട്. സർക്കാർ - ഗവർണർ പോരിന് സംസ്ഥാനത്ത് സാഹചര്യം ഒരുക്കിയത് ഗവർണറാണ്.