
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നു. ക്രമസമാധാനചുമതലയുള്ള എഡിജിപി വിജയ് സാക്കറെയും ഐജി അശോക് യാദവുമാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്. വിജയ സാക്കറെക്ക് ദേശീയ അന്വേഷണ ഏജൻസിയിലേക്കാണ് നിയമനം. അഞ്ചു വർഷത്തേക്കാണ് അദ്ദേഹത്തിന് എൻഐഎയിൽ നിയമനം നൽകിയിരിക്കുന്നത്. എഡിജിപി വിജയ് സാക്കറെയെ സംസ്ഥാന സർവ്വീസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്.
കഴിഞ്ഞ ഒന്നര വർഷമായി ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സാക്കറെ. ഇൻ്റലിജൻസ് ഐജി അശോക് യാദവിന് ബി.എസ്.എഫിലേക്കാണ് നിയമനം. വിജയ് സാക്കറെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നതോടെ സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുണിയുണ്ടാകാനാണ് സാധ്യത .
സംസ്ഥാന പൊലീസ് മേധാവിക്ക് താഴെ എഡിജിപി റാങ്കിൽ നിരവധി ഉദ്യോഗസ്ഥര്‍ കേരള പൊലീസിലുണ്ട്. എഡിജിപി മനോജ് എബ്രഹാമാണ് നിലവിൽ വിജിലൻസ് മേധാവി, ടി ശ്രീജിത്ത് ട്രാൻസ്പോര്‍ട്ട് കമ്മീഷണറാണ്. കെ.പദ്മുകുമാര്‍ പൊലീസ് ആസ്ഥാനത്തും, ഷെയ്ഖ് ദാര്‍വേഷ് സാഹേബ് ക്രൈംബ്രാഞ്ചിലും, ടികെ വിനോദ് കുമാര്‍ ഇൻ്ലിജൻസിലും, എംആര്‍ അജിത്ത് കുമാര്‍ മനുഷ്യാവകാശ കമ്മീഷനിലും, ബൽറാം കുമാര്‍ ഉപാധ്യായ പരിശീലന വിഭാഗത്തിലുമാണ് നിലവിൽ പ്രവര്‍ത്തിക്കുന്നത്.