വിചിത്രമായ കാരണത്താൽ അര നൂറ്റാണ്ടിലേറെ കുളിക്കാതിരുന്ന മനുഷ്യൻ! ഒടുവിൽ മരണത്തിന് കീഴടങ്ങി: റിപ്പോർട്ട്

വിചിത്രമായ കാരണത്താൽ അര നൂറ്റാണ്ടിലേറെ കുളിക്കാതിരുന്ന മനുഷ്യൻ! ഒടുവിൽ മരണത്തിന് കീഴടങ്ങി: റിപ്പോർട്ട്


ടെഹ്റാൻ: കുളിക്കാതിരുന്നതിലൂടെ ലോക ശ്രദ്ധയാകർഷിച്ച അമൗ ഹാജി ഒടുവിൽ അന്തരിച്ചു. അമ്പത് വർഷത്തിലേറെ കുളിക്കാതിരുന്ന അമൗ ഹാജി 94 ാം വയസിലാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ മരണ വാ‍ർത്ത പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ അന്താരാഷ്ട്രാ മാധ്യമങ്ങളും വാർത്ത റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്.  കഴിഞ്ഞ ദിവസം ഇറാന്‍റെ തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാഹ് ഗ്രാമത്തിൽ വച്ചാണ് ഇദ്ദേഹം മരിച്ചതെന്നാണ് ഐ ആർ എൻ എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിചിത്രമായ കാരണത്താലാണ്  അമൗ ഹാജി കുളിക്കാതിരുന്നത്. കുളിച്ചാൽ രോഗം വരുമെന്ന ഭയം കാരണമാണ് ഇദ്ദേഹം അരനൂറ്റാണ്ടിലേറെ കുളിക്കാതിരുന്നത്. അമൗ ഹാജി അവിവാഹിതനായിരുന്നു.

ലോക മാധ്യമങ്ങളിൽ പലപ്പോഴും ഇദ്ദേഹത്തിന്‍റെ വിചിത്ര സ്വഭാവം വാർത്തയായിട്ടുണ്ട്. 'ദി സ്ട്രേഞ്ച് ലൈഫ് ഓഫ് അമൗ ഹാജി' എന്ന ഡോക്യുമെന്‍ററിയും വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. അരനൂറ്റാണ്ടിലേറെ കുളിക്കാതിരുന്നു എന്ന് പറയുമ്പോഴും ഒരു മാസത്തിന് മുമ്പ് നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നെന്ന് ചില പ്രാദേശിക മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാൽ നാട്ടുകാർ കുളിപ്പിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം മരിച്ചതെന്ന് ചൂണ്ടികാട്ടി ചിലർ രംഗത്തെത്തിയിട്ടുണ്ട്