മട്ടന്നൂർ ജുമാ മസ്ജിദ് പുനർ നിർമ്മാണ അഴിമതി :മുസ്ലിം ലീഗ്‌ നേതാവ് അബ്ദുൽ റഹ്‌മാൻ കല്ലായിയുടെ വീട്ടിൽ റെയ്ഡ്

മട്ടന്നൂർ ജുമാ മസ്ജിദ് പുനർനിർമ്മാണ അഴിമതി:  മുസ്ലിം ലീഗ്‌ നേതാവ് അബ്ദുൽ റഹ്‌മാൻ കല്ലായിയുടെ വീട്ടിൽ റെയ്ഡ്


1666158079863373-0

വഖഫ് അഴിമതി കേസിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായിയുടെ വീട്ടിൽ പോലീസ് റെയ്ഡ്. മട്ടന്നൂർ മസ്ജിദ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഏഴ് കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ കേസിലാണ് റെയ്ഡ്. മട്ടന്നൂർ ഇൻസ്പെക്ടർ എം കൃഷ്ണന്റെ നേതൃത്വത്തിലയിരുന്നു റെയ്ഡ്. അഴിമതിയുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കാനാണ് റെയ്ഡ് എന്ന് പോലീസ് വ്യക്തമാക്കി.


കേസിൽ നേരത്തെ അബ്ദുറഹിമാൻ കല്ലായിയെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്ദുറഹ്‌മാൻ കല്ലായിയെക്കൂടാതെ കോൺഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ് മാസ്റ്റർ, ലീഗ് നേതാവ് യു മഹറൂഫ് എന്നിവരും അറസ്റ്റിലായിരുന്നു.

മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിൽ ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മൂന്നു കോടിയോളം രൂപ ചെലവുവരുന്ന നിർമാണപ്രവൃത്തിക്ക്‌ പത്തുകോടിയോളം രൂപയുടെ കണക്കുണ്ടാക്കിയതായാണ്‌ പരാതി. മട്ടന്നൂർ ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണത്തിൻ്റെയും പള്ളി നവീകരണത്തിൻ്റെയും മറവിലാണ് തട്ടിപ്പ് നടത്തിയത്.

വഖഫ്‌ ബോർഡിൻ്റെ അനുമതിയില്ലാതെ നടത്തിയ നിർമാണപ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്‌ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ അറ്റകുറ്റപ്പണിയാണ്‌ നടത്തിയതെന്നായിരുന്നു മറുപടി.നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിന്‌ 8.80 ലക്ഷം രൂപയും പുതിയ കെട്ടിടം നിർമിച്ചതിന്‌ 9.78 കോടി രൂപയും ചെലവഴിച്ചതായാണ്‌ കണക്കുണ്ടാക്കിയത്‌. പല സാധനങ്ങൾ വാങ്ങിയതിനും ബിൽ ചേർത്തിട്ടില്ലെന്നും കണക്കിൽ കാണിച്ച പല നിർമാണപ്രവർത്തനങ്ങളും നടന്നിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്‌. ഷോപ്പിങ്‌ കോംപ്ലക്‌സിൽ മുറികൾക്കായി വാങ്ങിയ പണവും കൈക്കലാക്കി. ഷോപ്പിങ് കോംപ്ലക്‌സ്‌ നിർമാണത്തിനായി അഞ്ചു കോടി രൂപ കടം വാങ്ങാൻ കമ്മിറ്റി തീരുമാനിച്ചിരുന്നു. ലേലംചെയ്‌ത്‌ കിട്ടുന്ന തുകയിൽനിന്ന്‌ അഞ്ചു കോടി കഴിച്ച്‌ ബാക്കി വന്ന തുക വീതം വച്ചെടുക്കുകയായിരുന്നുവെന്നും പരാതിയുണ്ട്‌.