ബസുകളിലെ പരസ്യം, സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് കെഎസ്ആർടിസി; ഗതാഗത കമ്മീഷണർ ഹാജരാകണമെന്ന് ഹൈക്കോടതി

ബസുകളിലെ പരസ്യം, സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് കെഎസ്ആർടിസി; ഗതാഗത കമ്മീഷണർ ഹാജരാകണമെന്ന് ഹൈക്കോടതി


കൊച്ചി: ബസുകളിലെ പരസ്യം നീക്കം ചെയ്യണമെന്ന നി‍‍‍‍‍ർദേശത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് കെഎസ്ആർടിസി. വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്ന് സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് മാനേജ്മെന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്. കെഎസ്ആർടിസിയെ പരസ്യം കൊണ്ട് പൊതിയാനാകില്ലെന്ന്, കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ, ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.  പിന്നിലും വശങ്ങളിലും പരസ്യം പതിക്കാൻ കെഎസ്ആർടിസിക്ക് നിയമപരമായ അനുമതി ഉണ്ടെന്ന് കേസ് പരിഗണിക്കവേ സർക്കാർ അറിയിച്ചിരുന്നു. പ്രത്യേക പരിഗണനയല്ല ആവശ്യപ്പെടുന്നത്. കെഎസ്ആർടിസി പ്രതിസന്ധി നേരിടുന്ന സമയമാണിത്. പരസ്യം ഒഴിവാക്കുന്നത് കടത്തിലുള്ള കോർപ്പറേഷനെ കൂടുതൽ പ്രതിസന്ധിയിലാക്കും. വിഷയത്തിൽ കെഎസ്ആർടിസിയെ കൂടി കേൾക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതേസമയം ജംഗിൾ സഫാരി ബസുകളിലെ ഗ്രാഫിക് സ്റ്റിക്കറുകൾ നീക്കം ചെയ്യാൻ നടപടി തുടങ്ങിയെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. 

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ തുടങ്ങിയ പരിശോധനയിൽ 448 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്ന് എംവിഡി കോടതിയെ അറിയിച്ചു. ഒക്ടോബർ 7 മുതൽ 16 വരെ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങളാണ് മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചത്. 14 വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്തു. ഇക്കാര്യം രേഖപ്പെടുത്തിയ ബെഞ്ച്, ഗതാഗത കമ്മീഷണർ ഈ മാസം 28ന് നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ചു. നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളും, കോടതി ഉത്തരവുകൾ നടപ്പിലാക്കിയതും ഗതാഗത കമ്മീഷണർ വിശദീകരിക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും, പി.ജി.അജിത് കുമാറും അടങ്ങിയ ബെഞ്ച് നിർദേശിച്ചു.