കോടിയേരിയുടെ നിര്യാണ വാ‍ർത്തയ്ക്ക് താഴെ വിദ്വേഷ കമന്‍റ്; അധ്യാപികയ്ക്ക് സസ്പെൻഷൻ

കോടിയേരിയുടെ നിര്യാണ വാ‍ർത്തയ്ക്ക് താഴെ വിദ്വേഷ കമന്‍റ്; അധ്യാപികയ്ക്ക് സസ്പെൻഷൻ


കണ്ണൂര്‍: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണ വാ‍ർത്തയ്ക്ക് താഴെ വിദ്വേഷ കമന്റിട്ട അധ്യാപികയെ സസ്പെന്റ് ചെയ്തു. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ഗിരിജയെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തിൽ അധ്യാപികക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നു. കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരി കൂടിയാണ് ഗിരിജ. 

കോടിയേരി ബാലകൃഷ്ണന്റെ മ‍ൃതശശീരം തലശ്ശേരി ടൗൺഹാളിൽ പൊതു ദർശനത്തിന് വച്ച കഴിഞ്ഞ ഞായറാഴ്ച ഏഷ്യാനെറ്റ് ന്യൂസ് തൽസമയ വാർത്തയ്ക്ക് താഴെയാണ് അധ്യാപിക വിദ്വേഷ കമന്റിട്ടത്. കോടിയേരിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും അപകീ‍ർത്തിപ്പെടുത്തുന്ന പോസ്റ്റ് ഇട്ട ഗിരിജ കെ വി കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരി ആണെന്ന് വ്യക്തമായതോടെ ഇവർക്കെതിരെ സിപിഎം പ്രവർത്തകൻ ജിജോ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഐപിസി 153 പ്രകാരം കലാപാഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഗിരിജയ്ക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ കോഴിക്കോട് ജില്ലയിലെ എടച്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഗിരിജ താമസിക്കുന്നത് എന്നതിനാൽ കേസ് അങ്ങോട്ടേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍, സിപിഎം ഇപ്പോഴും രാഷ്ട്രീയ പക വീട്ടുകയാണെന്നാണ് ബിജെപിയുടെ ആരോപണം.