മട്ടന്നൂരിൽ 20 കോടി രൂപയുടെ ജ്വല്ലറി തട്ടിപ്പ്; ഉടമകൾ മുങ്ങി
മട്ടന്നൂർ: മട്ടന്നൂരിൽ സ്വർണവും പണവും നിക്ഷേപമായി സ്വീകരിച്ച് വൻ തുക വാഗ്ദാനം ചെയ്ത ജ്വല്ലറി ഉടമകൾ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി. മട്ടന്നൂരിലെ മൈ ഗോൾഡ് എന്ന സ്ഥാപനം പൂട്ടി ഉടമകൾ സ്‌ഥലം വിട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്തു. ജ്വല്ലറിയിൽ പൊലീസ് പരിശോധന നടത്തി.
പഴയ സ്വർണം നി ക്ഷേപിച്ചാൽ അതേ തൂക്കത്തിന് പുതിയ സ്വർണം നൽകുമെന്നും ആഴ്ചയിലും മാസത്തിലുമായി നിശ്ചിത തുക നിക്ഷേപിച്ചാൽ മുൻകൂറായി സ്വർണാഭരണങ്ങൾ നൽകുമെന്നും വാഗ്ദാനം ചെയ്‌താണ് തട്ടിപ്പ് നടത്തിയത്. മട്ടന്നൂർ-തലശ്ശേരി റോഡിലെ മൈ ഗോൾഡ് ജ്വല്ലറി പാർട്‌ണർമാരായ മുഴക്കുന്ന് സ്വദേശി തഫ്സീർ ഉൾപ്പെടെ 6 പേർക്കെതിരെ തിരെയാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്.
രണ്ടു ദിവസത്തിനുള്ളിൽ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ 56 പരാതികളാണ് ലഭിച്ചത്. ഇതുവരെ 4 കേസുകൾ റജിസ്‌റ്റർ ചെയ്തിട്ടുണ്ട്. മട്ടന്നൂർവാർത്ത.ജ്വല്ലറി ഉടമകളായ പ്രതികൾ ഒളിവിലാണെന്നും ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ഉൾപ്പെടെ പുറപ്പെടുവിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും മട്ടന്നൂർ പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.
സ്‌ഥാപനം ഏതാനും ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. സിസിടിവി ക്യാമറകൾ അടക്കം പ്രതികൾ ഇവിടെ നിന്നു മാറ്റിയതായാണ് വിവരം. 20 കോടി രൂപയുടെയെങ്കിലും തട്ടിപ്പ് നടന്നതാ യാണ് പൊലീസ് കണക്കാക്കുന്നത്.
മട്ടന്നൂരിലും തൃശൂരിലുമുള്ള ജ്വല്ലറികളിൽ നിന്നു സ്വർണം വാങ്ങി പണം നൽകാതെ വഞ്ചിച്ചെന്നും പരാതിയുണ്ട്. 98 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ പരാതിയുമായി എത്തിയിട്ടുണ്ട്. കൂടുതൽ കേസുകൾ റജിസ്‌റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കാനും പ്രതികളെ കണ്ടെ ത്താനുമുള്ള ശ്രമത്തിലാണ് പൊലീസ്.