പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും; പ്രതി ശ്യാംജിത്തുമായി തെളിവെടുപ്പ് നടത്തും

പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും; പ്രതി ശ്യാംജിത്തുമായി തെളിവെടുപ്പ് നടത്തും


കണ്ണൂർ പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം. പ്രതി ശ്യാംജിത്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതി ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങൾ അടക്കം കേന്ദ്രീകരിച്ചായിരിക്കും തെളിവെടുപ്പ്. പ്രതിയെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും ( Vishnupriya post-mortem will be conducted today ).

പാനൂർ വള്ള്യായി സ്വദേശിനി വിഷ്ണുപ്രിയയുടെ അരുംകൊല കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. പ്രണയത്തിൽ നിന്ന് വിഷ്ണുപ്രിയ പിന്മാറിയതിന്റെ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി ആയുധം വാങ്ങിയ കടയും കൃത്യനിർവഹിച്ചതിനുശേഷം ആയുധങ്ങളും വസ്ത്രവും ഉപേക്ഷിച്ച കുളവും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ പൊലീസിന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തും. കൊലപാതകത്തിനായി എത്തിയ പ്രതി പരിസരം നിരീക്ഷിച്ച് നടക്കുന്നത് സമീപവാസിയായ മുകുന്ദൻ കണ്ടിരുന്നു. കെഎസ്ഇബി ജീവനക്കാരനെന്ന വ്യാജേനയാണ് പ്രതിയെത്തിയത്.


നിഷ്ഠൂരമായ അരുംകൊലയുടെ ഞെട്ടലിൽ നിന്ന് പാനൂർ ഇനിയും മുക്തമായിട്ടില്ല. കൊലപാതകത്തിനായി എത്തിയ പ്രതിയെ വീഡിയോ കോളിലൂടെ തത്സസമയം കണ്ട വിഷ്ണുപ്രയുടെ സുഹൃത്ത് കേസിൽ പ്രധാന സാക്ഷിയാകും. ആയുധങ്ങൾ വാങ്ങിയ കടയും ഉപേക്ഷിച്ച സ്ഥലവും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. വൈകിട്ടോടെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കും. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് വൈകിട്ടാകും വിഷ്ണുപ്രിയയുടെ സംസ്കാരം.