ഇന്ന് നവംബർ 14 ശിശുദിനം: ജവഹർലാൽ നെഹ്‌റു എന്ന ചാച്ചാജിയുടെ 133-ാം ജന്മദിനം


ഇന്ന് നവംബർ 14 ശിശുദിനം: ജവഹർലാൽ നെഹ്‌റു എന്ന ചാച്ചാജിയുടെ 133-ാം ജന്മദിനം


ഇന്ന് ശിശുദിനം. ജവഹർലാൽ നെഹ്രുവിന്റെ 133-ാം ജന്മദിനം. ശിശുദിനം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1889 നവംബര്‍ 14നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചുവരുന്നത്.

രാജ്യാന്തര തലത്തിൽ നവംബർ 20 നാണ് ശിശുദിനം. കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്‍റെ ജന്‍മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം. കുടാതെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തന്‍റെ നീണ്ട സമരങ്ങള്‍‌ക്കൊടുവില്‍ ആദ്യത്തെ പ്രധാനമന്ത്രിയായ രാജ്യത്തിന്‍റെ ഒരു വിശിഷ്ട ശിശുവായി പണ്ഡിറ്റ് നെഹ്രു പരിഗണിക്കപ്പെടുന്നുണ്ട്. ഈ ദിവസം കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള നമ്മുടെ അര്‍പ്പണബോധത്തെ നവീകരിക്കുവാനും, അവരെ അവരുടെ ചാച്ചാ നെഹ്രുവിന്‍റെ ഗുണത്തിലും സ്വപ്നത്തിലും ജീവിക്കുവാന്‍ പഠിപ്പിക്കുവാനും നമ്മെ ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കുന്നു.

കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധേ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം. രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നുണ്ട്. ശിശുദിനം കുട്ടികളുടെ ആഘോഷമാണ്. രാജ്യത്തിൻ്റെ എല്ലാ കോണുകളിലും ഈ ദിവസം ആഘോഷിക്കപ്പെടുന്നുണ്ട്. വിവിധ സ്ഥാപനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും മത്സരങ്ങളും നടക്കും. കുരുന്ന് മനസുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുകയാണ് ഈ ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.