
- കൊച്ചി: ത്വലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഭർത്താവ് 31.68 ലക്ഷം രൂപ നൽകണമെന്ന മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം കേസിൽ ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം വിധിക്കുന്നത്. എറണാകുളം ജില്ലയിലെ പള്ളിക്കര സ്വദേശി ഷിഹാബാണ് നഷ്ടപരിഹാരം നല്കേണ്ടത്. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് മജിസ്ട്രേറ്റ് കോടതി വിധി ശരിവെച്ചത്.
Also Read- സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ-റെയിൽ; 'മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതം'
കോടതി ഹർജിക്കാരിക്കും മകനും ജീവിക്കാൻ പ്രതിമാസം 33,000 രൂപ വേണമെന്ന് വിലയിരുത്തി എട്ടുവർഷത്തെ തുക കണക്കാക്കി 31.68 ലക്ഷം രൂപ ജീവനാംശം നൽകാൻ ഉത്തരവിട്ടു. ഇതിനെതിരെ ഭർത്താവ് നൽകിയ ഹർജിയിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഈ ഉത്തരവ് റദ്ദാക്കി ഹർജി വീണ്ടും പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിയിലേക്ക് തിരിച്ചുവിട്ടു. രണ്ടുലക്ഷം രൂപ ശമ്പളമുണ്ടെന്ന ഹർജിക്കാരിയുടെ വാദം തെറ്റാണെന്ന ഭർത്താവിന്റെ വാദം കണക്കിലെടുത്തായിരുന്നു ഈ നടപടി.
Also Read- 'ഉപയോഗിക്കുന്നത് പഴയ വാഹനം; കാർ കടന്ന് ബുള്ളറ്റ് വരുമോ എന്ന് ഭയന്ന് ജീവിക്കേണ്ട അവസ്ഥ തനിക്കില്ല ': പി ജയരാജൻ
തുടർന്ന് 31.68 ലക്ഷം നൽകാനുള്ള വിധി അഡീഷണൽ സെഷൻസ് കോടതി റദ്ദാക്കിയതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഹർജിക്കാരിക്കും മകനുമുള്ള ജീവനാംശം മജിസ്ട്രേറ്റ് കോടതി വിലയിരുത്തിയതിൽ അപാകതയില്ലെന്ന് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.