ലോകത്ത് തന്നെ ആദ്യമായി ലൈബ്രറികളുടെ മഹോത്സവത്തിന് കണ്ണൂർ വേദിയാവുന്നു

ലോകത്ത് തന്നെ ആദ്യമായി ലൈബ്രറികളുടെ മഹോത്സവത്തിന് കണ്ണൂർ വേദിയാവുന്നു26 ലക്ഷമാണ് കണ്ണൂർ ജില്ലയിലെ ജനസംഖ്യ. അന്നാട്ടിൽ രജിസ്റ്റർ ചെയ്ത പൊതുജന വായനശാലകളുടെ എണ്ണം ആയിരത്തി ഒരുന്നൂറിന് മുകളിലാണ്. എന്നു വച്ചാൽ ഏകദേശം രണ്ടായിരത്തി ഇരുന്നൂറ് മനുഷ്യർക്ക് ഒരു പബ്ലിക് ലൈബ്രറി എന്ന നിലയിൽ സ്ഥിതി ചെയ്യുന്ന നാടാണ് കണ്ണൂർ.

പൊതുജന വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് വായനശാലകൾ. നാട്ടിൻ പുറങ്ങളുടെ സർവകലാശാലകൾ. ലോകത്ത് ഇത്രമേൽ ലൈബ്രറി സാന്ദ്രതയുള്ള മറ്റൊരു നാടിനെ കാണാനാകില്ല. എന്നിട്ടും കണ്ണൂരിലെ ചില പ്രദേശങ്ങളിൽ വായനശാല സംസ്കാരം എത്തിച്ചേർന്നിട്ടില്ല. ആദിവാസി - പിന്നോക്ക പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഒരു വർഷമായി കണ്ണൂരിൽ നടക്കുന്ന 'നെറ്റ് വർക്ക്' എന്ന പദ്ധതി ഈ പരിമിതി മറികടക്കാൻ ഓരോ നാടിനെയും സഹായിക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവച്ചത്. അതിൻ്റെ ഭാഗമായി നൂറ്റി പതിനാല് പുതിയ ലൈബ്രറികൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. കൂടുതൽ വായനശാലകൾ തയ്യാറായി വരുന്നു.

ലൈബ്രറികൾ പുസ്തക വായനയുടെ മാത്രം കേന്ദ്രങ്ങളല്ല. ആഘോഷയും ചർച്ചകളും സെമിനാറുകളും തൊഴിൽ പരിശീലനവും പഠന പ്രവർത്തനങ്ങളും വിനോദവിജ്ഞാന പരിപാടികളുമെല്ലാം നടക്കുന്ന ഇടങ്ങൾ കൂടിയാണ്. നമ്മുടെ നാട്ടിലെ ഏറ്റവും ശക്തമായ മതനിരപേക്ഷ പൊതു ഇടമാണ് നമ്മുടെ വായനശാലകളും പരിസരവും. 

ഇന്ത്യയിൽ ആകെയുള്ള പബ്ലിക് ലൈബ്രറികളുടെ എണ്ണം മുപ്പതിനായിരത്തോളം മാത്രമാണ്. അതിൽ തന്നെ എട്ടായിരത്തിലേറെയും കേരളത്തിലാണ്. അതിൻ ആയിരത്തി ഇരുന്നൂറെണ്ണം കണ്ണൂർ ജില്ലയിലും. സോവിയറ്റ് യൂണിയൻ്റെ ഭാഗമായിരുന്ന പ്രദേശങ്ങൾ മാത്രമാണ് ബഹുജന ലൈബ്രറി സാന്ദ്രതയിൽ കണ്ണൂരിനടുത്ത് നിൽക്കുന്ന ഇടങ്ങൾ. 

ലോകത്ത് തന്നെ ആദ്യമായി ലൈബ്രറികളുടെ മഹോത്സവത്തിന് കണ്ണൂർ വേദിയാവുകയാണ്. ഈ സംസ്കാരം രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനായാൽ പുതിയൊരിന്ത്യയെ നമുക്ക് സൃഷ്ടിക്കാനാകും. തങ്ങളുടെ ഗ്രാമങ്ങളിൽ നിർബന്ധമായും പൊതുജന വായനശാല ഉണ്ടാകണമെന്ന് വാശി പിടിക്കുന്ന, അതിന് മുന്നിട്ടിറങ്ങുന്ന ജനതയിലൂടെ ഇരുട്ട് പടർന്ന കാലത്തെ മറികടക്കാനുള്ള വഴികളിലൊന്ന് നമുക്ക് മുന്നിൽ തെളിയും. ബഹുജന വിദ്യാഭ്യാസം വിമോചന പോരാട്ടങ്ങളുടെ അജണ്ടകളിൽ ഏറ്റവും ആദ്യം ഇടം പിടിക്കുന്നതാണ്.

ഇതാണ് ജനുവരി ഒന്ന് മുതൽ മൂന്ന് വരെ കണ്ണൂരിൽ നടക്കാൻ പോകുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൻ്റെ ചരിത്ര പ്രാധാന്യം. ലൈബ്രേറിയന്മാർ, പഞ്ചായത്ത് സാരഥികൾ, സഹകരണ പ്രസ്ഥാനങ്ങൾ, ഗവേഷകർ, അധ്യാപകർ ഒക്കെ ഒത്തു ചേരുന്ന അക്കാദമിക് മേഖലയുടെയും ബഹുജന സാമൂഹ്യ പ്രവർത്തനത്തിൻ്റെയും  അസാധാരണമായ ഇഴചേരലായി ലൈബ്രറി കോൺഗ്രസ് മാറും. ഇന്ത്യയിലെമ്പാടുമുള്ള കലാലയങ്ങളിൽ നിന്നും വിദ്യാർഥികൾ ഈ മഹാസംഗമത്തിലേക്ക് എത്തിച്ചേരും.

മാതൃകാപരമായ ഈ ഉദ്യമത്തെ നമുക്ക് വിജയിപ്പിക്കാം. ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് ഈ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാം