ഇതിഹാസത്തിലേക്ക് ചുവടുവെക്കാന്‍ ആരാധകരുടെ 'സുല്‍ത്താന്‍'ഇന്നിറങ്ങും

ഇതിഹാസത്തിലേക്ക് ചുവടുവെക്കാന്‍ ആരാധകരുടെ 'സുല്‍ത്താന്‍'ഇന്നിറങ്ങും


ദോഹ: ആറാം ലോക കിരീടത്തിനിറങ്ങുന്ന ബ്രസീലിന്‍റെ പ്രതീക്ഷയും കരുത്തും നെയ്മർ ജൂനിയറാണ്.പി എസ് ജിയിലെ തകർപ്പൻ പ്രകടനം താരം ഖത്തറിലും ആവർത്തിച്ചാൽ ബ്രസീലിനും ആരാധകർക്കും നിരാശപ്പെടേണ്ടി വരില്ല.ഫുട്ബോൾ എന്ന കാർണിവലിൽ വിസ്മയച്ചെപ്പ് തുറക്കുന്ന ഇന്ദ്രജാലക്കാനാണ് നെയ്മർ ജൂനിയർ. ആരാധകരുടെ പ്രിയപ്പെട്ട സുൽത്താൻ.അസാമാന്യ പന്തടക്കം,ഡ്രിബ്ലിംഗ് മികവ്,തെറ്റാത്ത താളവും വേഗവും.ഗോളടിക്കാനും,ഗോളടിപ്പിക്കാനും ഒരേ മികവ്.ബ്രസീലിയൻ പ്രതീക്ഷകൾ നെയ്മറുടെ ബൂട്ടുകളിലേക്ക് ചുരുങ്ങുന്നതിൽ അത്ഭുതമൊന്നുമില്ല.

സ്വന്തം നാട്ടിൽ വിരുന്നെത്തിയ ലോകപ്പിൽ സുനിഗയുടെ ചവിട്ടേറ്റ് നെയ്മര്‍ വീണപ്പോൾ നടുവെടിഞ്ഞത് ബ്രസീലിന്‍റെയായിരുന്നു. റഷ്യയിലും മോഹഭംഗം.ഖത്തറിലേക്ക് എത്തുമ്പോൾ കുട്ടിക്കളി വിട്ട് പതംവന്ന പോരാളിയാണ് നെയ്മർ.ഏഷ്യ വേദിയായ ആദ്യ ലോകകപ്പിലാണ് ബ്രസീലിന്‍റെ അവസാന കിരീടം. രണ്ടുപതിറ്റാണ്ടിനിപ്പുറം ഏഷ്യ മറ്റൊരു ലോകകപ്പിന്‍റെ ആരവത്തിൽ മുങ്ങുമ്പോൾ ബ്രസീൽ പ്രതീക്ഷയും മുഖവുമാണ് നെയ്മർ ജൂനിയർ.

ലോകകപ്പ് ജയിച്ച് ലോകത്തോളം വളർന്ന ബ്രസീലിയൻ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് ചുവടുവയ്ക്കാൻ നെയ്മർക്കിത് സുവര്‍ണാവസരമാണ്. ജനിതകമായി കിട്ടിയ സാംബാതാളം കാലുകളിലുള്ള നെയ്മര്‍ പന്തുതട്ടുമ്പോള്‍ കളിത്തട്ടിൽ കലയും ഫുട്ബോളും സംഗമിക്കും. വൻകരകളുടെ അതിരുകൾ ഭേദിച്ച് ആ കാലുകള്‍ ആരാധകരെ  ആവേശംകൊള്ളിക്കും.നെയ്മറുടെ മാന്ത്രിക ചലനങ്ങൾക്കായുള്ള ഖത്തറിന്‍റെയും ബ്രസീല്‍ ആരാധകരുടെയും കാത്തിരിപ്പിന് ഇന്ന് അവസാനമാവുകയാണ്, തിയാഗോ സില്‍വയാണ് ബ്രസീലിന്‍റെ നായകനെങ്കിലും ആരാധകമനസില്ഡ നെയ്മറാണ് ബ്രസീലിനെ നയിക്കുന്നത്.

പിഎസ്‌ജിക്കായി ഗോളടിക്കുന്നതിനെക്കാള്‍ എംബാപ്പെയെയും മെസിയെയും കൊണ്ട് ഗോളടിപ്പിക്കുന്ന നെയ്മറെയാണ് ആരാധകര്‍ ഇത്തവണ കണ്ടത്. പന്ത് കാലില്‍ കിട്ടിയാല്‍ അനാവശ്യ ഡ്രിബ്ലിംഗ് നടത്തി പൊസഷന്‍ നഷ്ടമാക്കുന്നുവെന്ന പഴയ പരാതി ഇത്തവണയില്ല.ഗോളടിക്കുന്നതിലേക്കാളുപരി ഗോളടിപ്പിക്കുന്ന നെയ്മര്‍ എത്രമാത്രം അപകടകാരിയാണെന്ന് ദോഹയില്‍ കണ്ടറിയാം. അല്ലെങ്കിലും ഗോളടിക്കാന്‍ വിനീഷ്യസ് ജൂനിയറും റിച്ചാലിസണുമെല്ലാം മത്സരിക്കുന്ന മുന്നേറ്റനിരയില്‍ നെയ്മര്‍ക്ക് ഗോളടിക്കാനായി വിയര്‍പ്പൊഴുക്കേണ്ട.ഗോളടിക്കുന്നന്ന സ്ട്രൈക്കര്‍ എന്ന നിലയില്‍ നിന്നും യഥാര്‍ത്ഥ പ്ലേമേക്കറായി നെയ്മര്‍ അവതരിക്കുമോ എന്ന് ലുസൈൽ ഐക്കോണിക് സ്റ്റേഡിത്തിൽ കാണാം.

കളിക്കാരനെന്ന നിലയില്‍ 2013ലെ കോണ്‍ഫെഡറേഷന്‍ കപ്പും 2016ലെ ഒളിംപിക്സ് സ്വര്‍ണവും നേടിയിട്ടുള്ല നെയ്മര്‍ ഇതിഹാസ പദവിയിലേക്ക് ഉയരണമെങ്കില്‍ ഒരു ലോകകിരീടം അനിവാര്യമാണ്. അല്ലങ്കില്‍ പ്രതിഭാധനരായ അനേകം ബ്രസീല്‍ താരങ്ങളിലൊരാളായി വെറുമൊരു പോസ്റ്റര്‍ ബോയിയായി നെയ്മറുടെ കരിയര്‍ പൂര്‍ത്തിയാവും. ദോഹ അതിനുള്ള അവസരമാണ്, നെയ്മര്‍ക്കും ബ്രസീലിനും. കാരണം 2002ല്‍ ഏഷ്യയില്‍ നടന്ന ലോകകപ്പിലാണ് ബ്രസീല്‍ അവസാനമായി കിരീടം നേടിയത്. ഇത്തവണ ഏഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ബ്രസീലിനെ ആറാം കിരീടത്തിലേക്ക് നയിച്ചാല്‍ ഇതിഹാസങ്ങളുടെ പേരിനൊപ്പം നെയ്മറുടെ പേരും എഴുതിച്ചേര്‍ക്കാം.