ഷാരോണിനെ കോളജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചു; ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി നല്‍കി

ഷാരോണിനെ കോളജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചു; ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി നല്‍കി


ജ്യുസ് ചലഞ്ചിലൂടെയാണ് ഷാരോണിനെ വധിക്കാന്‍ ശ്രമിച്ചത്. ജ്യുസില്‍ ഡോളോ ഗുളികകള്‍ കലര്‍ത്തി നല്‍കുകയായിരുന്നു.

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുമായി ഷാരോണ്‍ പഠിച്ച നെയ്യാരുള്ള സിഎസ്‌ഐ കോളജിലെത്തി പോലീസിന്റെ തെളിവെടുപ്പ്. കോളജില്‍ വച്ചും ഷാരോണിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന ഗ്രീഷ്മയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

ജ്യുസ് ചലഞ്ചിലൂടെയാണ് ഷാരോണിനെ വധിക്കാന്‍ ശ്രമിച്ചത്. ജ്യുസില്‍ ഡോളോ ഗുളികകള്‍ കലര്‍ത്തി നല്‍കുകയായിരുന്നു. 50 ഓളം ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി നല്‍കി. ഇതിനായി ഗുളികകള്‍ വീട്ടില്‍ നിന്ന് കുതിര്‍ത്ത് കൊണ്ടുവന്നു. കോളജിലെ ശുചിമുറിയില്‍ കൊണ്ടുപോയി അത് ജ്യൂസില്‍ കലര്‍ത്തി. എന്നാല്‍ ജ്യുസ് കുടിച്ച ഷാരോണ്‍ കയ്പാണെന്ന് പറഞ്ഞ് അത് തുപ്പിക്കളയുകയായിരുന്നുവെന്നും ഗ്രീഷ്മ വ്യക്തമാക്കി.

ഷാരോണ്‍ കോളജ് കാണാന്‍ തന്നെ കൂട്ടിക്കൊണ്ട് പോയപ്പോഴാണ് ജ്യുസ് ചലഞ്ച് നടത്തിയത്. ഗുളികകള്‍ കലര്‍ത്തിയ ജ്യുസ് മൈതാനത്ത് വച്ചാണ് നല്‍കിയത്.

ഷാരോണിനെ വധിക്കാന്‍ ഗ്രീഷ്മ നടത്തിയ രണ്ടാമത്തെ ശ്രമമാണിതെന്നാണ് പോലീസിന് കിട്ടിയ വിവരം. ജ്യൂസ് ചലഞ്ച് നടത്തിയ ദിവസവും ഷാരോണി് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കോളജില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഗ്രീഷ്മയുടെ മൊഴിയിലുടെയാണ് പുറത്തുവന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്.